ഫുട്‌ബോള്‍ മല്‍സരവും പട്ടം പറത്തല്‍ മേളയും; ഇടുക്കിയില്‍ വ്യത്യസ്ത വോട്ടര്‍ ബോധവല്‍ക്കരണം
ഇടുക്കി: ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന വോട്ടര്‍ ബോധവത്കരണത്തിന്റെ (സ്വീപ്) ഭാഗമായി മൂന്നാറില്‍ സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. മൂന്നാര്‍ കെഡിഎച്ച്പി ഗ്രൗണ്ടില്‍ വൈകിട്ട് നാലിന് പൊലീസ് ടീമും കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്റേഷന്‍സ് ടീമും തമ്മിലാണ് മത്സരം നടന്നത്. പോലീസ് ടീമില്‍ പങ്കെടുത്ത് മുന്‍ ഫുട്ബോള്‍ താരം ഐ എം വിജയന്‍ മത്സരം നയിച്ചു. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, അസി. കളക്ടര്‍ സൂരജ് ഷാജി, സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍, മിനി കെ ജോണ്‍, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ മത്സരം കാണുവാന്‍ എത്തിയിരുന്നു. വലിയ പൊതുജന പങ്കാളിത്തവും സൗഹൃദ മത്സരത്തിന് ലഭിച്ചു. മത്സരത്തില്‍ കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്റേഷന്‍സ് ടീം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

അതേസമയം, മൂന്നാറില്‍ പട്ടം പറത്തല്‍ മേളക്ക് തുടക്കമായി. ജില്ലാ ഭരണകൂടത്തിന്റെയും വണ്‍ ഇന്ത്യാ കൈറ്റ്‌സിന്റെയും മൂന്നാര്‍ പഞ്ചായത്തിന്റെയും മേല്‍നോട്ടത്തിലാണ് പട്ടം പറത്തല്‍ മേള ഒരുക്കിയിട്ടുള്ളത്. ഐ എം വിജയന്‍ മേള ഉദ്ഘാടനം ചെയ്തു. മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിറ്റിയൂഡ് സ്റ്റേഡിയത്തിലാണ് മേള. വോട്ടിംഗ് ബോധവല്‍ക്കരണ സന്ദേശം ഉള്‍ക്കൊള്ളുന്ന നൂറോളം കന്നിവോട്ടര്‍മാര്‍ പട്ടങ്ങള്‍ വാനിലുയര്‍ത്തി. മൂന്നാറിന്റെ ടൂറിസം പ്രമോഷന്‍ പദ്ധതിയായ വിബ്ജിയോര്‍ ടൂറിസത്തിന്റെയും കൊവിഡ് വാക്‌സിനേഷന്‍ ബോധവല്‍ക്കരണ പ്രചാരണവും പരിപാടിയിലൂടെ ലക്ഷ്യമിട്ടിട്ടുണ്ട്.
വണ്‍ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റന്‍ അബ്ദുള്ള മാളിയേക്കലിന്റെ നേതൃത്വത്തില്‍ 15ഓളം ഭീമന്‍ പട്ടങ്ങളും വാനില്‍ ഉയര്‍ത്തി.ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍, സ്വീപ് ചുമതല വഹിക്കുന്ന അസി. കളക്ടര്‍ സൂരജ് ഷാജി, മിനി കെ ജോണ്‍, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.പരിപാടിക്ക് പൊതുജന പങ്കാളിത്തം ലഭിക്കുന്നുണ്ട്. പട്ടം പറത്തല്‍ മേള ഞായറാഴ്ച്ചയും മൂന്നാറില്‍ നടക്കും. ഓരോ വോട്ടും വിലപ്പെട്ടതാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക എന്ന ആശയത്തിലൂന്നിയാണ് പട്ടം പറത്തല്‍ മേള വിഭാവനം ചെയ്തത്.


Click it and Unblock the Notifications