ഒറ്റരാത്രിയില്‍ ഒമ്പതിടത്ത് മോഷണം, വില്ലേജ് ഓഫീസും കള്ള് ഷാപ്പും കുത്തിത്തുറക്കാന്‍ ശ്രമം
ഇടുക്കി: ജില്ലയില്‍ ഒറ്റരാത്രി മോഷണ പരമ്പര. മെഡിക്കല്‍ സ്റ്റോര്‍ മുതല്‍ കള്ള് ഷാപ്പ് വരെ ഒമ്പത് സ്ഥലത്താണ് മോഷണം നടന്നത്. സംഭവങ്ങള്‍ക്ക് പിന്നില്‍ ഒരാള്‍ ആണോ ഒന്നില്‍ കൂടുതല്‍ പേരുണ്ടോ എന്ന് വ്യക്തമല്ല. നിര്‍മാണം പുരോഗമിക്കുന്ന മലയോര ഹൈവേയില്‍ കട്ടപ്പന - കുട്ടിക്കാനം റൂട്ടില്‍ ലബ്ബക്കടയില്‍ ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. ലബ്ബക്കടയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കെട്ടിടങ്ങളിലായിരുന്നു മോഷണം.
ഇവിടത്തെ മിനി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 2000 രൂപയും സഹകരണ ആശുപത്രിയുടെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും 4000 രൂപയും ഇ- സേവന കേന്ദ്രത്തില്‍ നിന്നും 1500 രൂപയും അക്ഷയ കേന്ദ്രത്തില്‍ നിന്നും 10,000 രൂപയോളവും നഷ്ടപ്പെട്ടിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന തുണിക്കട, സമീപത്തെ ഓയില്‍ മില്‍ എന്നിവിടങ്ങളിലും മോഷ്ടാക്കള്‍ കയറി. എന്നാല്‍ ഇവിടെ നിന്ന് ഒന്നും നഷ്ടമായിട്ടില്ല എന്നാണ് വിവരം.

കാഞ്ചിയാര്‍ വില്ലേജ് ഓഫീസ്, ടൗണിലെ ബൈക്ക് വര്‍ക്ക് ഷോപ്പ്, ലോട്ടറിക്കട, കള്ളുഷാപ്പ് എന്നിവ കുത്തിത്തുറക്കാനും ശ്രമിച്ചിട്ടുണ്ട്. അക്ഷയ കേന്ദ്രത്തില്‍ നിന്നും ലഭിച്ച രേഖകളെല്ലാം സമീപത്ത് കൊണ്ടുപോയി നിരത്തിയിട്ട് പരിശോധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മോഷണ പരമ്പരയില്‍ കടകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളും സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുണ്ട് എന്നാണ് ഉടമകള്‍ പറയുന്നത്.
ഇവ കുത്തിത്തുറക്കാന്‍ ശ്രമിച്ച കട്ടപ്പാര സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പൊലീസും ഫോറന്‍സിക് സംഘവും കടകളില്‍ എത്തി അന്വേഷണം നടത്തി. സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചു. ഇതില്‍ നിന്ന് മുഖംമൂടി വെച്ച് കയ്യുറ ധരിച്ച കള്ളന്‍ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഒന്നും വ്യക്തമല്ല എന്നതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. അതേസമയം പ്രദേശത്ത് പൊലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് കാഞ്ചിയാര്‍ വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബാബു സ്‌കറിയ പറഞ്ഞു.












Click it and Unblock the Notifications