ഇടുക്കിയിൽ ബൈക്കിൽ പോയ യുവാക്കള്‍ക്ക് നേരെ വെടിവയ്പ്പ്; ഒരാൾ മരിച്ചു
ഇടുക്കി മൂലമറ്റത്ത് യുവാക്കള്‍ക്ക് നേരെ വെടിവയ്പ്പ്. ഒരാള്‍ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബസ് ജീവനക്കാരന്‍ കീരിത്തോട് സ്വദേശി സനല്‍ സാബുവാണ് മരിച്ചത്. മൂലമറ്റം സ്വദേശി പ്രദീപ് ആണ് അതീവഗുരുതരാവസ്ഥയിൽ ഉള്ളത്. ഇയാളെ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇരുവരും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് കാറിലെത്തിയ അഞ്ജാത സംഘം ഇരുവർക്കും നേരെ വെടിവെച്ചത്. മൂലമറ്റം ഹൈസ്‌കൂളിന് മുന്നില്‍ വച്ചായിരുന്നു ആക്രമണം. തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് വിവരം.
കടയിൽ ബഹളം വെച്ച സംഘം കാറെടുത്ത് പോകുന്നതിനിടയിൽ സനലിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പ്രകോപിതരായ സംഘം ഇരുവര്‍ക്കുമെതിരെ വെടിവെക്കുകയായിരുന്നത്രേ. പ്രതികൾ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications