വോട്ടെടുപ്പ് ദിനം ശ്രദ്ധേയമായി ഹരിത കര്‍മ സേനയുടെ സാന്നിധ്യം; ശുചിത്വം, സുരക്ഷ
ഇടുക്കി: പോളിംഗ് കേന്ദ്രങ്ങള്‍ക്കുള്ളില്‍ വോട്ടെടുപ്പിന് ചൂട് പിടിക്കുമ്പോള്‍ പോളിംഗ് കേന്ദ്രങ്ങളുടെ പുറത്ത് കര്‍മനിരതരായൊരു വിഭാഗമായിരുന്നു ഹരിത കര്‍മ സേന. ഇത്തവണയും പോളിംഗ് കേന്ദ്രങ്ങളിലെ മാലിന്യ നീക്കം കുറ്റമറ്റ രീതിയില്‍ നടത്തിയത് ഹരിത കര്‍മ സേനാംഗങ്ങളായിരുന്നു.
വിവിധ പോളിംഗ് കേന്ദ്രങ്ങളില്‍ ഹരിത കര്‍മ സേനാംഗങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നു. മാലിന്യം നീക്കിയതിനൊപ്പം സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എത്തിയ വോട്ടര്‍മാരുടെ കൈകള്‍ അണുവിമുക്തമാക്കാനും താല്‍ക്കാലിക ഉപയോഗത്തിനായുള്ള കൈയ്യുറകള്‍ വിതരണം ചെയ്യാനും ഹരിത കര്‍മസേനാംഗങ്ങള്‍ മുന്‍കൈയ്യെടുത്തു.

സാമൂഹിക അകലം പാലിക്കാനും ഇടക്കിടെ നിര്‍ദ്ദേശം നല്‍കി.പോളിംഗ് ബൂത്തിലെ ഉപയോഗ ശേഷം കൈയ്യുറകള്‍ കേന്ദ്രത്തിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള വെയിസ്റ്റ് ബിന്നില്‍ കൃത്യമായി നിക്ഷേപിക്കുന്ന കാര്യത്തിലും ഹരിത കര്‍മ സേനാംഗങ്ങള്‍ വോട്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ജൈവം, അജൈവം, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ എന്നിവ തരം തിരിച്ചായിരുന്നു ഹരിതകര്‍മ്മ സേനാംഗങ്ങള്‍ പോളിംഗ് കേന്ദ്രങ്ങള്‍ക്ക് പുറത്ത് മാലിന്യ നീക്കം സാധ്യമാക്കിയത്.
തൊടുപുഴ എപിജെ അബ്ദുള്‍ കലാം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തിച്ച മാതൃകാ ഹരിത പോളിങ് ബൂത്ത് ശ്രദ്ധേയമായി. ജില്ലാ ശുചിത്വ മിഷന്റെ സഹായത്തോടെ തൊടുപുഴ നഗരസഭയാണ് സ്‌കൂളില്‍ മാതൃകാ ഹരിത പോളിങ് ബൂത്ത് ഒരുക്കിയത്. 'കൈകോര്‍ക്കാം ചുവടുവയ്ക്കാം ഹരിത തെരഞ്ഞെടുപ്പിലേക്ക്' എന്നതാണ് ഹരിത പോളിംഗ് ബൂത്തിന്റെ സന്ദേശം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് പ്രതീകാത്മക ഹരിത പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കിയത്. ഹരിത പോളിംഗ് ബൂത്തിന്റെ ഭാഗമായി തരംതിരിച്ച് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനവും സ്‌കൂളില്‍ ഒരുക്കിയിരുന്നു.












Click it and Unblock the Notifications