ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, ജാഗ്രതാ നിര്‍ദ്ദേശം
ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2398.32 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. ഇതിനാലാണ് അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. റൂള്‍ കര്‍വ് പ്രകാരം 2392.03 അടിയാണ് ബ്ലൂ അലര്‍ട്ട് ലെവല്‍. 2399.03 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.
Recommended Video
തുലാവര്‍ഷം ശക്തിപ്രാപിച്ച് നില്‍ക്കുന്നതിനാലും ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നു വരുന്നതുമായ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.05 അടിയാണ്. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതിനാലാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്. സെക്കന്റില്‍ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് നിലവില്‍ കൊണ്ടുപോകുന്നത്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് 20ാം തീയതി അണക്കെട്ടില്‍ 141 അടി വെള്ളം സംഭരിക്കാം. ജലനിരപ്പ് 142 അടിയിലെത്തുന്നതിനു മുമ്പേ സ്പില്‍വേ ഷട്ടര്‍ തുറന്നത് തമിഴ്‌നാട്ടില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിനാണ് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കുറച്ചത്. മുല്ലപ്പെരിയാര്‍ വെള്ളം സംഭരിക്കുന്ന തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 69.29 അടിയായി. 71 അടിയാണ് വൈഗ അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി.

ആറ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യാതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് മധ്യ തെക്കന്‍ ജില്ലകളിലാണ് നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കന്‍ തമിഴ്‌നാടിന് മുകളിലുള്ള ന്യൂന മര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ ഇന്നും ഒറ്റപ്പെട്ട മഴ തുടരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട്, കണ്ണൂര്‍, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര പ്രദേശങ്ങളില്‍ കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയും പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നത്. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയെന്നാണ് നല്‍കുന്ന മുന്നറിയിപ്പ്.












Click it and Unblock the Notifications