കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു: മൃതദേഹവുമായി റോഡില്‍ യുഡിഎഫ് പ്രതിഷേധം
ഇടുക്കി: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപെട്ടു. അടിമാലി പഞ്ചായത്തിലെ നേര്യമംഗലം കാഞ്ഞിരവേലിയില്‍ മുണ്ടോം കണ്ടത്തില്‍ ഇന്ദിര (70) ആണ് മരിച്ചത്. രാവിലെ 8.30 ഓടെ കൃഷിയിടത്തില്‍ കയറിയ കാട്ടാനയാണ് ആക്രമണം നടത്തിയത്. ഈ സമയത്ത് കൃഷിയിടത്തില്‍ കൂവ വിളവെടുത്തുകൊണ്ടിരിക്കുകയായിരുന്നു ഇന്ദിര.
ഇന്ദിരയുടെ കരച്ചില്‍ കേട്ടെത്തിയ റബര്‍ ടാപ്പിംഗ് തൊഴിലാളികള്‍ ആനയെ ഓടിച്ച് ഇന്ദിരയെ നേര്യമംഗലം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെരിയാര്‍ കടന്ന് വനത്തില്‍ നിന്ന് എത്തിയ കാട്ടാനയാണ് ആക്രമണം നടത്തിയത്.

സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് യുഡിഎഫും നാട്ടുകാരും നടത്തുന്നത്. കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ മൃതദേഹവുമായി കോതമംഗലത്ത് നടുറോഡിൽ പ്രതിഷേധം തുടരുകയാണ്. വനം മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തിൽ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കുന്നത് വരെ പ്രതിഷേധം നടത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്.
ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സ്ഥലത്ത് വലിയ രീതിയിലുള്ള പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. പൊലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിട്ടുണ്ട്. പൊലീസ് മൃതദേഹത്തെ തടഞ്ഞെന്ന് നേതാക്കള്‍ ആരോപിച്ചു.
ഇൻക്വസ്റ്റ് നടപടിക്കായി പൊലീസ് കോതമംഗലം താലൂക്ക് എത്തിയപ്പോൾ തടഞ്ഞ കോൺഗ്രസ് നേതാക്കൾ മൃതദേഹവുമായി റോഡിലേക്ക് പോവുകയായിരുന്നു. കഴിഞ്ഞയാഴ്ച്ച മൂന്നാറില്‍ ഓട്ടോറിക്ഷ തകര്‍ത്ത കാട്ടാന ഡ്രൈവര്‍ സുരേഷ് കുമാറിനെ (35) കൊലപ്പെടുത്തിയിരുന്നു. ഇടുക്കിയില്‍ രണ്ട് മാസത്തിനിടെ അഞ്ച് പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അതേസമയം, ഇടുക്കിയിലെ വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണുന്നതിനായി സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട് മാർച്ച് 9-ന് രാവിലെയാണ് യോഗം ചേരുക. പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നത് ഉൾപ്പെടെ പ്രശ്ന പരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ സർവ്വകക്ഷി യോഗത്തിൽ ചർച്ച ചെയ്യുന്നതാണ്. യോഗം വിളിച്ചു ചേർക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് വനംമന്ത്രി നിർദ്ദേശം നൽകി. മന്ത്രി ഉള്‍പ്പെടേയുള്ളവർ യോഗത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications