ഇടുക്കിയിലെത്തുന്നവർ ഇനി വിശന്നിരിക്കേണ്ട; വിശന്നു വലയുന്നവര്‍ ഇല്ലാത്ത ഇടുക്കി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നു...
തൊടുപുഴ: വിശന്നു വലയുന്നവര്‍ ഇല്ലാത്ത ഇടുക്കി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ആദ്യ ഘട്ടമായി അന്നപൂര്‍ണ്ണം തൊടുപുഴ പദ്ധതിക്ക് മെയ് 2ന് തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ തുടക്കമാകും. കൈവശം പണമില്ല എന്ന ഒറ്റ കാരണം കൊണ്ടു മാത്രം ആരും നഗരത്തില്‍ വിശന്ന വയറുമായി അലയരുത് എന്നതാണ് അന്നപൂര്‍ണ്ണം തൊടുപുഴ പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയായ സുഭിക്ഷയുമായി ചേര്‍ന്ന് തൊടുപുഴ പോലീസിന്റെ സഹായത്തോടെ തൊടുപുഴ റോട്ടറി ക്ലബ്ബാണ് അന്നപൂര്‍ണ്ണം പദ്ധതി നടപ്പാക്കുന്നത്. തൊടുപുഴയിലെ പോലീസ് എയ്ഡ് പോസ്റ്റുകളില്‍ നിന്നും രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് മണി വരെ ലഭ്യമാകുന്ന കൂപ്പണുകള്‍ വാങ്ങി തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്റിലുള്ള മൈമൂണ്‍ ഹോട്ടല്‍, മിനി സിവില്‍ സ്റ്റേഷനു സമീപമുള്ള പ്രതിഭ ഹോട്ടല്‍, മങ്ങാട്ടുകവല മുഗള്‍ ഹോട്ടല്‍ എന്നീ ഹോട്ടലുകളിലേതെങ്കിലുമൊന്നില്‍ കൂപ്പണ്‍ നല്കി സൗജന്യമായി ഊണുകഴിക്കാം.

12 മണി മുതല്‍ രണ്ടര മണി വരെയാണ് ഊണ് നല്‍കുന്ന സമയം .ആശുപത്രിയിലോ മറ്റ് ആവശ്യങ്ങള്‍ക്കോ ആയി നഗരത്തിലെത്തുന്നവരില്‍ കൈവശം പണമില്ലാതെ വന്നതിനാല്‍ ആഹാരം കഴിക്കാന്‍ സാധിക്കാതെ വരുന്ന സാധാരണക്കാരെയാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളായി ഉദ്ദേശിക്കുന്നത്.
ആദ്യഘട്ടമായി തൊടുപുഴ നഗരം കേന്ദ്രീകരിച്ച് ആരംഭിക്കുന്ന പദ്ധതി ജനപങ്കാളിത്തതോടെ ഘട്ടം ഘട്ടമായി ജില്ല മുഴുവന്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ അറിയിച്ചു. മെയ് രണ്ടിന് ഉച്ചകഴിഞ്ഞ് 2.30 ന് തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഇലക്ഷന്‍ കമ്മീഷന്‍ ജോയിന്റ് കമ്മീഷണര്‍ ജീവന്‍ ബാബു.കെ പദ്ധതി ഉദ്ഘാടനം ചെയ്യും. സിനിമാ താരം ഭാമ ആദ്യ കൂപ്പണ്‍ വിതരണം ചെയ്യും.












Click it and Unblock the Notifications