ഇടുക്കിയില്‍ ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ചു
ഇടുക്കി: ഇടുക്കി ജില്ലയിലെ മാങ്കുളത്ത് ക്രൂരമായ കൊലപാതകം. ആനക്കയത്ത് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. നെടുമ്പാല പുഴയില്‍ ജോസഫ് മാത്യു എന്ന 62കാരന്‍ ആണ് ഭാര്യയെ കൊന്ന ശേഷം തൂങ്ങി മരിച്ചത്. സെലിന്‍ ആണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് 59 വയസ്സാണ് പ്രായം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കൊവിഡ് കാരണം കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായതാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത് എന്നാണ് കരുതുന്നത്. പഴങ്ങളും പച്ചക്കറികളും പലചരക്ക് സാധനങ്ങളും അടക്കം വീടുകളില്‍ എത്തിച്ച് കച്ചവടം നടത്തുന്ന ആളായിരുന്നു ജോസഫ് മാത്യു. എന്നാല്‍ കൊവിഡ് വ്യാപനത്തോടെ കച്ചവടം നടത്താനാകാത്ത സാഹചര്യമായി. ഇതോടെ ജോസഫ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

ജീവിതം ദുരിതപൂര്‍ണമായതോടെ ജോസഫ് മാനസികമായ അസ്വസ്ഥതകള്‍ കാണിച്ചിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സെലിന്റെ തല ചുറ്റിക കൊണ്ട് അടിച്ച് പൂര്‍ണമായും തകര്‍ത്ത നിലയില്‍ ആണ് കണ്ടെത്തിയത്. വീട്ടിലെ കട്ടിലിന് അടിയില്‍ ആയിരുന്നു സെലിന്റെ മൃതദേഹം കിടന്നിരുന്നത്. അതേമുറിയില്‍ തന്നെ ജോസഫ് മാത്യുവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സെലിനെ കൊലപ്പെടുത്തിയ ചുറ്റിയ കാട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications