• search
  • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മഴ കനക്കുന്നു.. പീരുമേട്ടിൽ ഉരുൾപൊട്ടൽ, ഏലപ്പാറയിൽ വെള്ളപ്പൊക്കം, ജാഗ്രതാ നിർദേശം..

ഇടുക്കി: കനത്ത മഴ തുടരുന്നതോടെ സംസ്ഥാനത്ത് വ്യാപക നാശം. ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. ഏലപ്പാറ, കോഴിക്കാനം, അണ്ണൻതമ്പി മല, മേമല എന്നീ തോട്ടങ്ങളിലാണ് ഉരുൾപൊട്ടിയത്. അതേ സമയം ഏലപ്പാറയിൽ തോട് കവിഞ്ഞ് ഒഴുകിയതോടെ വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. നിരവധി വീടുകളിലേക്കും ഇതോടെ വെള്ളം കയറി. ഈ ഭാഗങ്ങളിൽ താമസിച്ചുവരുന്ന കുടുംബങ്ങളെ ഇതോടെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പീരുമേട്ടിൽ ഉരുൾപൊട്ടലുണ്ടായതോടെയാണ് തോട്ടിലേക്ക് വെള്ളം ഇരച്ചെത്തുന്നത്. ഇതെത്തുടർന്ന് ഏലപ്പാറ ജംങ്ഷനിൽ മൂന്നടിയോളം വെള്ളം ഉയരുകയും ചെയ്തിട്ടുണ്ട്.

അയവില്ലാതെ മഴ: ലോവർപെരിയാർ, കല്ലാർ കുട്ടി ഡാമുകളുടെ ഷട്ടറുകൾ തുറന്നു; എറണാകുളത്ത് ജാഗ്രതാ നിർദേശം

വെള്ളത്തിനൊപ്പം മണ്ണും ഒഴുകിയെത്തിയതോടെ കെകെ റോഡിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇടുക്കി- ഏലപ്പാറ- വാഗമൺ റൂട്ടിൽ നല്ലതണ്ണ പാലത്തിന് സമീപത്ത് മലവെള്ളപ്പാച്ചിലുണ്ടാതതോടെ കാർ ഒഴുകിപ്പോവുകയും ചെയ്തിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾക്കായി തിരച്ചിൽ ആരംഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടർന്ന് തിരച്ചിൽ നിർത്തിവെച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലപ്പുറം ജില്ലയിൽ വെള്ളിയാഴ്ച റെഡ് അലർട്ടാണുള്ളത്. അതേ സമയം എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട്, തൃശ്ശൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണുള്ളത്. നിന്ന് പുലർച്ചെ പെയ്ത മഴയിൽ കേരളത്തിലെ പല ജില്ലകളിലും നാശനഷ്ടമുണ്ടായിട്ടുണ്ട്. മലബാറിന് പുറമേ തിരുവനന്തപുരം, കൊല്ലം, തൃശൂർ എന്നീ ജില്ലകളിലാണ് കനത്ത മഴ പെയ്തത്.

കോട്ടയം പൂഞ്ഞാറിൽ മീനച്ചിലാർ കരകവിഞ്ഞൊഴുകിയിരുന്നു. വൈകിട്ട് ആറുമണിയോടെയാണ് മീനച്ചിലാറ്റിലേക്ക് വെള്ളപ്പാച്ചിലുണ്ടായത്. മുണ്ടക്കയത്തിന് സമീപത്തുള്ള ഏന്തയാർ, ഇടംകാട്, കുട്ടിക്കൽ എന്നീ മേഖലകളിലും പുല്ലകയാർ കരകവിഞ്ഞ് ഒഴുകുന്നുമുണ്ട്. പത്തനതിട്ട ജില്ലയിലെ മലയോര മേഖലയിലും ശക്തമായ മഴ തുടരുകയാണ്. ഇതോടെ മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തുമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. കക്കാട്ട് ആറിലേക്കാണ് വെള്ളം ഒഴുക്കി വിടുന്നത്. നിലവിലെ സാഹചര്യത്തിൽ പമ്പാ നദിയുടെ തീരപ്രദേശങ്ങായ മാന്നാർ, തിരുവൻവണ്ടൂർ, പാണ്ടനാട്, എടത്വാ, ചെറുതന, ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, ചെന്നിത്തല, തൃപ്പെരുന്തുറ, വീയപുരം, കുമാരപുരം എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നദികളിൽ ഇറങ്ങരുതെന്നും ആലപ്പുഴ ജില്ലാ കളക്ടർ അറിയിപ്പ് നൽകിയിട്ടുണ്ട്.

ഇടുക്കിയോട് ചേർന്ന് കിടക്കുന്ന എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലും മഴ ശക്തമായി തുടരുന്നുണ്ട്. പുഴകളിലെ ജലനിരപ്പ് ഉയർന്നതോടെ കോതമംഗലത്ത് ആദിവാസികളുടെ പാർപ്പിടങ്ങൾ ഒറ്റപ്പെട്ട നിലയിലാണുള്ളത്. താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. മഴ ശക്തമായതിന് പിന്നാലെ മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും കോതമംഗലം പുഴയിലും ഒരു പോലെ ജലനിരപ്പ് ഉയർന്നിരുന്നു. ബുധനാഴ്ച രാത്രിയിൽ ഫ്ലഡ് ലെവൽ വരെയും വെള്ളമുയർന്നിരുന്നു. എന്നാൽ വെള്ളം താഴ്ന്നതോടെ ഭീതി അകലുകയായിരുന്നു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നീരൊഴുക്ക് ശക്തമായതോടെ ലോവർ പെരിയാർ, കല്ലാർകൂട്ടി എന്നീ അണക്കെട്ടുകളുടെ മുഴുവൻ ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇതോടെ പെരിയാർ, മുതിരപ്പുഴയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർക്ക് ജില്ലാ കളക്ടർ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വൈകിട്ട് ഏഴ് മണിയോടെയാണ് ജില്ലാ കളക്ടർ എസ് സുഹാസിന്റെ പ്രഖ്യാപനം. ഭൂതത്താൻ കെട്ട് തടയണയുടെ ഷട്ടറുകൾ തുറന്നതോടെ പെരിയാറിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. അതേ സമയം നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി പൊൻമുടി അണക്കെട്ടിന്റെ ഷട്ടറും വെള്ളിയാഴ്ച തുറക്കും. രാവിലെ പത്ത് മണിയോടെ ഷട്ടർ തുറക്കുമെന്നാണ് അറിയിപ്പ്. ഷട്ടർ30 സെന്റീമീറ്റർ വീതം ഉയർത്തി 65 ക്യൂമെക്സ് വെള്ളം പന്നിയാർ പുഴയിലേക്ക് ഒഴുക്കിവിടും.

Idukki

English summary
Iduki: Landslide reported from Peerumedu, flood like situation in Elappara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X