പേന്‍ കടിയേറ്റ് ചൊറിഞ്ഞ് തുടുത്തു, അസഹ്യമായ വേദനയും; 30 പേര്‍ക്ക് പരിക്ക്
ഇടുക്കി: നെടുങ്കണ്ടത്ത് പേനിന്റെ കടിയേറ്റ് 30 പേര്‍ക്ക് പരിക്ക്. പേനിന്റെ കടിയേറ്റവരുടെ ദേഹത്ത് ആകമാനം മുറിവുണ്ടായിട്ടുണ്ട്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പൊന്നാമല പ്രദേശത്താണ് പ്രത്യേകതരം പേനിന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്. വനമേഖലയോട് ചേര്‍ന്ന പ്രദേശമാണ് പൊന്നാമല.
വനാതിര്‍ത്തികളിലെ കുരുമുളക് തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവരിലും ഇവരുടെ കുട്ടികളിലുമാണ് പേനിന്റെ കടിയേറ്റ് ദേഹമാസകലം മുറിവുണ്ടായിരിക്കുന്നത്. കുരങ്ങന്‍മാരുടേയും കാട്ടുപന്നിയികളുടേയും ശരീരത്തില്‍ കാണപ്പെടുന്ന ഒരിനം പേനുകളാണ് പ്രശ്‌നത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

സംഭവം അറിഞ്ഞ് പട്ടം കോളനി മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. പ്രശാന്ത്, ജെ എച്ച് ഐ ശശിപ്രസാദ്, ജെ പി എച്ച് എന്‍ ബിന്‍സി ജോണ്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പ്രത്യേക മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ പേന്‍ കടിയേറ്റവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തി.

കൂടാതെ പേന്‍ കടിയേറ്റവരുടെ വിവരങ്ങളും സ്ഥലത്ത് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനാ റിപ്പോര്‍ട്ടും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് ക്യാംപ് അധികൃതര്‍ കൈമാറുകയും ചെയ്തു. വനത്തില്‍ കരിയിലയും വിറകും ശേഖരിക്കാന്‍ പോയവര്‍ക്ക് ആണ് ആദ്യം പേനിന്റെ കടിയേറ്റത്.

പിന്നീട് ഇവരുടെ വീട്ടുകാര്‍ക്കും പേനിന്റെ കടിയേറ്റു. പേന്‍ കടിച്ചിടത്തു ചുവന്നു തടിക്കുകയും വേദനയും നീറ്റലുമുണ്ടാവുന്നതായും ഒരാഴ്ചയോളം ഇതു തുടരുന്നതായുമാണ് പേനിന്റെ കടിയേറ്റ് പരുക്കേറ്റവര്‍ പറയുന്നത്. അതേസമയം പേനിന്റെ കടിയേറ്റവര്‍ക്ക് പനിയോ മറ്റ് അനുബന്ധ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മുണ്ടിയെരുമ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തി ചികിത്സ തേടണം എന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

ഇതോടൊപ്പം വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. അതേസമയം ഹാര്‍ഡ് ടിക് എന്ന വിഭാഗത്തില്‍പ്പെട്ട പേനാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പേനുകളെ ശേഖരിച്ചു പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തില്‍ എത്തിച്ചു പരിശോധന നടത്തിയിരുന്നു. ഇതില്‍ നിന്നാണ് ഹാര്‍ഡ് ടിക് ഇനത്തില്‍പെട്ട ജീവിയാണിത് എന്ന അനുമാനത്തില്‍ എത്തിയത്.

കുരങ്ങുകള്‍, പന്നി തുടങ്ങിയ ജീവികളില്‍ നിന്നാകും ഇവ ജനങ്ങളിലേക്ക് പകര്‍ന്നത് എന്നാണ് വിലയിരുത്തല്‍. നിലവിലെ കാലാവസ്ഥാ വ്യതിയാനം, വനാതിര്‍ത്തിയോടു ചേര്‍ന്ന പുല്‍മേട് നിറഞ്ഞ ഭൂപ്രകൃതി എന്നിവ കാരണമാകാം ഇവയുടെ വംശവര്‍ധനയ്ക്ക് കാരണം എന്നാണ് അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications