വെയില്‍ പോയി മഴ വന്നാലും കര്‍ഷകര്‍ക്ക് ദുരിതം തന്നെ; ഇടുക്കിയില്‍ 58.38 ലക്ഷം രൂപയുടെ കൃഷിനാശം
ഇടുക്കി: കൊടും വേനലിന് പിന്നാലെയെത്തിയ കാലവര്‍ഷത്തിലും ഇടുക്കിയില്‍ കര്‍ഷകര്‍ക്ക് ദുരിതം. മഴക്കെടുതിയില്‍ ജില്ലയിലാകെ വ്യാപകമായ കൃഷി നാശമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഴയിലും ചുഴലിക്കാറ്റിലും മണ്ണിടിച്ചിലിലും വിവിധയിടങ്ങളില്‍ കൃഷി നാശമുണ്ടായി. ജൂണ്‍ 29 മുതലാണ് ഇടുക്കിയില്‍ മഴ ശക്തിപ്രാപിച്ചത്. അന്ന് മുതല്‍ ജൂലൈ ഒന്ന് വരെ 58.38 ലക്ഷം രൂപയുടെ കാര്‍ഷിക നഷ്ടമാണ് ജില്ലയിലുണ്ടായത്.
382 കര്‍ഷകരാണ് നഷ്ടം നേരിട്ടത്. മഴയിലും കാറ്റിലും 104 കര്‍ഷകര്‍ക്കായി 24.21 ലക്ഷം രൂപയുടെ കൃഷി നാശമുണ്ടായി. ഇളംദേശം ബ്ലോക്കിലാണ് കൂടുതല്‍ നാശം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 9.13 ലക്ഷം രൂപയുടെ കൃഷി നാശമാണ് ഇളംദേശം ബ്ലോക്കിലുണ്ടായത്. ഇടുക്കി -4.89, അടിമാലി- 1.50, കട്ടപ്പന -3.45, പീരുമേട് -4.99, തൊടുപുഴ-0.25 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ബ്ലോക്കുകളിലെ കൃഷി നാശത്തിന്റെ കണക്ക്.

മഴയില്‍ 22.99 ലക്ഷം രൂപയുടെ കൃഷി നശിച്ചിട്ടുണ്ട്. ഇളംദേശം, ഇടുക്കി, പീരുമേട് ബ്ലോക്കുകളിലാണ് വലിയ തോതില്‍ നാശ നഷ്ടമുണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് 95 കര്‍ഷകര്‍ക്ക് 11.18 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായി. ഇളംദേശം ബ്ലോക്കിലാണ് മണ്ണിടിച്ചിലിലും കൂടുതല്‍ വിള നശിച്ചത്. ചുഴലിക്കാറ്റ് മൂലം ഇളംദേശം ബ്ലോക്കിലെ ആറ് കര്‍ഷകര്‍ക്കും കൃഷിനാശമുണ്ടായിട്ടുണ്ട്.
ഇടുക്കി ബ്ലോക്കിലും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാറ്റിലും മഴയിലും വ്യാപകമായി വാഴക്കൃഷി നശിച്ചു. കുലച്ച 2590 വാഴകളും കുലക്കാത്ത 1140 വാഴകളുമാണ് നശിച്ചത്. ടാപ് ചെയ്യുന്ന 121 റബര്‍ മരങ്ങളും 24 ടാപ് ചെയ്യാത്ത മരങ്ങളും 76 കുരുമുളക് ചെടികളും കാലവര്‍ഷത്തില്‍ നശിച്ചു. ജില്ലയിലെ 32 ജാതിയും 1.020 ഹെക്ടര്‍ സ്ഥലത്തെ ഏലച്ചെടികളും 25 തെങ്ങുകളും നശിച്ചു.
കനത്ത മഴയില്‍ മാത്രം 2250 കുലച്ച വാഴകളും 2250 കുലക്കാത്ത വാഴകളും നശിച്ചു. ഇത് കൂടാതെ മൂന്ന് ഹെക്ടര്‍ സ്ഥലത്തെ മരച്ചീനിയും അഞ്ച് റബര്‍ മരങ്ങളും നശിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാഴ -60, കൊക്കോ -215, തെങ്ങ് -50, കാപ്പി-135, കമുക് -80, റബര്‍-420 എന്നിങ്ങനെയാണ് വിളനാശത്തിന്റെ കണക്ക്.












Click it and Unblock the Notifications