അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു; സംഭവം ഇടുക്കിയില്‍
ഇടുക്കി: അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഉടുമ്പന്‍ചോല പാറക്കല്‍ ഷീലയാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. അയല്‍വാസിയായ ശശികുമാറാണ് ഷീലയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഷീല തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെയാണ് ഷീല മരണത്തിന് കീഴടങ്ങിയത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശശികുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഉടുമ്പന്‍ചോലയിലെ സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ ജീവനക്കാരാണ് കൊല്ലപ്പെട്ട ഷീലയും ശശികുമാറും. അയല്‍വാസികള്‍ കൂടിയായ ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു എന്നാണ് വിവരം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഏലയ്ക്ക ഉണക്കാനായി ഷീല ഏലം ശേഖരിക്കുന്ന സ്റ്റോറിലെത്തിയിരുന്നു. അവിടെയെത്തിയ ശശികുമാര്‍ ഷീലയെ ശശികുമാറിന്റെ ലയത്തിലേക്ക് ബലമായി പിടിച്ചു കൊണ്ടുപോവുകയായിരുന്നു. ലയത്തിനുള്ളില്‍ വച്ചും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇത് ശ്രദ്ധയില്‍പ്പെട്ട് എത്തിയ നാട്ടുകാരുടെ വാതില്‍ തുറയ്ക്കാനുള്ള ശ്രമം വിഫലമായി. ഇതോടെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു.
പൊലീസെത്തി വാതില്‍ തുറയ്ക്കാന്‍ ആവശ്യപ്പെട്ടതോടെ ശശികുമാര്‍ ഷീലയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഷീലയുടെ മുഖത്തും വയറിലും സാരമായി പൊള്ളലേറ്റിരുന്നു. ശശികുമാറിനും പൊള്ളലേറ്റിരുന്നു. ശശികുമാര്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഷീല മരിച്ചതോടെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം ശശികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തും.












Click it and Unblock the Notifications