പ്രണയം നിരസിച്ചു; യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി..യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു
അടിമാലി; യുവാവിൻറെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി. ആക്രമണത്തില് യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു. സംഭവത്തിൽ അടിമാലി സ്വദേശിയായ ഷീബയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രണയത്തിൽ നിന്ന് പിന്മാറിയതിനാണ് യുവതി ആക്രമണം നടത്തിയത്.

തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ (25) ന് നേരെയാണ് ആക്രമണം ഉണ്ടായത്. അടിമാലി മന്നാങ്കണ്ടം സ്വദേശി ഷീബയാണ് (35) ആക്രമണം നടത്തിയത്. 16 ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.അടിമാലി ഇരുമ്പ് പാലത്തുള്ള സെന്റ് ആന്റണീസ് ചർച്ചിൽ മുറ്റത്ത് വെച്ചാണ് ഷീബ അരുണിന്റെ മുഖത്ത് ആസിഡ് ഒഴിച്ചത്.

ദൃശ്യങ്ങളിൽ ഷീബ അരുണിന്റെ മുഖത്ത് ആസിഡ് ഒഴിക്കുന്നത് കാണാം. തുടര്‍ന്ന് കാര്യങ്ങള്‍ നിരീക്ഷിച്ച ശേഷം ഷീബ സാവധാനം നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. പരിക്കേറ്റ പിന്നാലെ അരുണിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോൾ ഇയാളെ തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

അരുണും ഷീബയും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. എന്നാൽ ഷീബ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണെന്ന് തിരിച്ചറിഞ്ഞതോടെ അരുൺ ബന്ധത്തിൽ നിന്നും പിൻമാറാൻ ഒരുങ്ങി.എന്നാൽ ബന്ധം പിരിയാൻ ഷീബ തയ്യാറായിരുന്നില്ല. മാത്രമല്ല നിരന്തരം ഇക്കാര്യം പറഞ്ഞ് അരുണിനെ ശല്യപ്പെടുത്തുകയും ചെയ്തിരുന്നത്രേ.

എന്നാൽ അരുൺ ഇതിനെ എതിർത്തതോടെ ഷീബ ഇയാളിൽ നിന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ബന്ധത്തിൽ നിന്നും പിൻമാറുന്നതിന് 2 ലക്ഷത്തോളം രൂപ ഷീബ അരുണിൽ നിന്നും ആവശ്യപ്പെട്ടതായി പോലീസ് പറയുന്നു. എന്നാൽ അരുൺ അതിന് തയ്യാറായിരുന്നില്ല.

ഇതോടെ ഇരുവരും സംസാരിച്ച് 14,000 രൂപ നൽകാമെന്നായി. ഇത് നൽകാനായിട്ടായിരുന്നു അരുൺ 16 ന് ഇടുക്കിയിൽ എത്തിയത്. എന്നാൽ പണം നൽകുന്നതിന് മുൻപ് സംസാരിക്കുന്നതിനിടയിലാണ് യുവതി ആക്രമണം നടത്തിയത്.

റബർ ഷീറ്റുകളിൽ ഉപയോഗിക്കുന്ന ഹോമിക് ആസിഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഷീബയ്ക്കും പരുക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications