ഇടുക്കിയില്‍ പലയിടത്തും കാട്ടാനക്കൂട്ടമിറങ്ങി; ദേവികുളത്ത് പടയപ്പ, ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍
ഇടുക്കി: ജില്ലയില്‍ പലയിടത്തും കാട്ടാനകളുടെ ആക്രമണം. വേനല്‍ കടുത്തതോടെ ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുകയാണ് കാട്ടാനക്കൂട്ടം. ചക്കക്കൊമ്പനും പടയപ്പയും അടക്കമുള്ള കാട്ടാനകളാണ് ജില്ലയില്‍ ജനങ്ങളുടെ സമാധാനം കെടുത്തുന്നത്. ഇന്ന് പുലര്‍ച്ചെ ചിന്നക്കനാലില്‍ സിങ്കുകണ്ടത്ത് ചക്കക്കൊമ്പന്‍ വീട് ആക്രമിച്ചു. കൂനംമാക്കല്‍ മനോജ് മാത്യുവിന്റെ വീടാണ് ചക്കക്കൊമ്പന്‍ ആക്രമിച്ചത്.
വീട് ഇടിച്ച് തകര്‍ക്കാനായിരുന്നു ചക്കക്കൊമ്പന്റെ ശ്രമം. മനോജിന്റെ വീടിന് മുന്നിലെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയില്‍ ശക്തിയായി കുത്തി. ഇതോടെ വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ വീഴുകയും വീടിന്റെ അകത്തെ സീലിംഗ് അടര്‍ന്ന് വീഴുകയും ചെയ്തു. ഈ സമയത്ത് മനോജും കുടുംബവും വീടിന് അകത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് ഇവര്‍ ഉണര്‍ന്നപ്പോഴേക്കും ചക്കക്കൊമ്പന്‍ സ്ഥലം വിട്ടിരുന്നു.

പ്രദേശത്ത് ചക്കക്കൊമ്പന്‍ നിലയുറപ്പിച്ചിട്ട് ദിവസങ്ങളായി എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം ഇന്നലെ പകല്‍ മുതല്‍ ദേവികുളത്ത് തമ്പടിച്ചിരിക്കുകയാണ് പടയപ്പ. ഇന്നലെ പടയപ്പ യാത്രക്കാരുമായി പോയ കെ എസ് ആര്‍ ടി സി ബസ് തടഞ്ഞത് ആശങ്കയുയര്‍ത്തിയിരുന്നു. വനം വകുപ്പ് നിരീക്ഷണം തുടരുന്നതിനിടെയാണ് പടയപ്പ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞത്.
ആര്‍ ആര്‍ ടി സംഘം എത്തിയതോടെയാണ് പടയപ്പ ചൊക്കനാട് ഭാഗത്തേക്ക് കയറിപ്പോവുകയായിരുന്നു. ഇന്നലെ ദേവികുളത്തെ തൊഴിലാളി ലയങ്ങള്‍ക്ക് സമീപവും കാട്ടാനക്കൂട്ടം എത്തി. ആറ് ആനകള്‍ അടങ്ങുന്ന സംഘമാണ് രാത്രിയില്‍ ജനവാസമേഖലയില്‍ എത്തിയത്. അടിമാലി നേര്യമംഗലം റോഡില്‍ ആറാം മൈലിലും ആനയിറങ്ങി. അതേസമയം കൊച്ചി-ധനുഷ്‌കോടി റോഡില്‍ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് വനം വകുപ്പ് നിര്‍ദേശിച്ചു.
ഇടമലക്കുടിയിലും കാട്ടാനയുടെ ആക്രമണമുണ്ടായി. സൊസൈറ്റിക്കുടിയിലെ പലചരക്ക് കട കാട്ടാനക്കൂട്ടം ആക്രമിച്ചു. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ യുവാവിനെ കാട്ടാന ആക്രമിച്ചിരുന്നു. വടശ്ശേരിക്കര ബൗണ്ടറിയിലായിരുന്നു സംഭവം. വടശ്ശേരിക്കരയിലെ മഞ്‌ജേഷ് ആണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ഗുരുതര പരിക്കുകളോടെ ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications