13 പശുക്കള്‍ ചത്തു, അഞ്ചെണ്ണം ഗുരുതരാവസ്ഥയില്‍; നെഞ്ച് പൊട്ടി കുട്ടിക്കര്‍ഷകര്‍, വിനയായത് കപ്പത്തൊണ്ട്?
ഇടുക്കി: കുട്ടികര്‍ഷകര്‍ എന്ന നിലയില്‍ സംസ്ഥാനത്ത് തന്നെ പ്രശസ്തരായ 15 ഉം 18 ഉം വയസുള്ള ജോര്‍ജു കുട്ടിയടെയും മാത്യുവിന്റെയും പശുക്കള്‍ കൂട്ടത്തോടെ ചത്തു. കപ്പത്തൊണ്ട് കഴിച്ചതിനെ തുടര്‍ന്നാണ് പശുക്കള്‍ ചത്തത് എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ. വെറ്റിനറി ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്.
മൃഗ സംരക്ഷണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കപ്പത്തൊണ്ട് കഴിച്ചതിന് പിന്നാലെ പശുക്കള്‍ വീണ് പിടയ്ക്കുകയായിരുന്നുവെന്ന് മാത്യു പറഞ്ഞു. പശുക്കള്‍ കണ്‍മുന്നില്‍ ചത്ത് വീഴുന്നത് കണ്ട് ബോധരഹിതനായ മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

കുട്ടിക്കര്‍ഷകരുടെ 13 പശുക്കളാണ് ചത്ത് വീണത്. അഞ്ച് പശുക്കളുടെ നില ഗുരുതരമായി തുടരുകയാണ്. ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റം സ്വദേശികളാണ് സഹോദരങ്ങള്‍ കൂടിയായ ജോര്‍ജു കുട്ടിയും മാത്യുവും. മാത്യുവിന് മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തൊടുപുഴയിലെ തന്നെ ഏറ്റവും മികച്ച ക്ഷീര ഫാമുകളിലൊന്നായാണ് ഇവരുടെ ഫാം അറിയപ്പെടുന്നത്.
ഇരുവരുടെയും പിതാവ് മരിച്ചതിനെ തുടര്‍ന്നാണ് പശു വളര്‍ത്തലും പാല്‍ വില്‍പനയും കുട്ടികള്‍ ഏറ്റെടുത്തത്. നിരവധി പുരസ്‌കാരങ്ങളാണ് ഈ ഫാം കരസ്ഥമാക്കിയിട്ടുള്ളത്. സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും എന്നും ഫാം ഉടമകള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.












Click it and Unblock the Notifications