ഇടുക്കി ഡാമിൽ താഴിട്ട് പൂട്ടിയ സംഭവം: വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാൻ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ്
മൂന്നാർ: ഇടുക്കി അണക്കെട്ടിലെ അതീവ സുരക്ഷ മേഖലയിൽ താഴുകൾ ഇട്ട് പൂട്ടിയ സംഭവത്തിലെ പ്രതിയെ പിടികൂടാൻ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. സംഭവത്തിന് പിന്നാലെ പ്രതി വിദേശത്തേക്ക് പോയി. ഇതുവരെ തിരിച്ചെത്താത്തതിനെ തുടർന്നാണ് നടപടി. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് താഴിട്ട് പൂട്ടിയത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കാനുള്ള റിപ്പോർട്ട് ഇടുക്കി എസ് പി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചു.
അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി . തീവ്രവാദ ബന്ധം ഉൾപ്പെടെ സംശയിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് റിപ്പോർട്ട്.

ഒറ്റപ്പാലം സ്വദേശിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ മാത്രമെ കൃത്യമായി കാര്യങ്ങൾ അറിയാൻ കഴിയൂ. എന്നാണ് പോലീസ് പറയുന്നത്. ചെറുതോണി അണക്കെട്ട് പൂർണമായും സുരക്ഷിതം ആണെന്ന് ഡാം സേഫ്റ്റി അധികൃതർ അറിയിച്ചു. ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് പരിശോധിച്ച ശേഷമായിരുന്ന പ്രതികരണം.
ജൂലൈ 22 ന് ആണ് ഒറ്റപ്പാലം സ്വദേശി സന്ദർശക പാസ് എടുത്ത് ഡാമിൽ കയറി 11 ഇടങ്ങളിൽ താഴിട്ട് പൂട്ടിയത്. തുടർന്ന് ഷട്ടറുകളുടെ റോപ്പിൽ ദ്രാവാകം ഒഴിച്ചു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിനോദ സഞ്ചാരിയായി എത്തിയ യുവാവാണ് ഈ സംഭവത്തിന് പിന്നിലെന്ന് മനസ്സിലായത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഒറ്റപ്പാലം സ്വദേശി ആണ് ഇയാളെന്ന് മനസ്സിലായി. വാടക്ക് എടുത്ത കാറിലാണ് ഇയാൾ ഇടുക്കിയിലേക്ക് എത്തിയത്. വിദേശത്തു നിന്നും എത്തിയ ഇയാൾക്ക് കാർ വാടകക്ക് എടുത്ത് നൽകിയ രണ്ടു പേരെ പോലീസ് ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. ഇതിനിടെ ഒറ്റപ്പാലം സ്വദേശി വീണ്ടും വിദേശത്തേക്ക് പോയി.
സുരക്ഷാ വീഴ്ച ഉണ്ടായി എന്ന് കണ്ടെത്തിയ ഉടൻ തന്നെ ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പ്രാഥമികമായി പരിശോധന നടത്തി. ഇതിന് ശേഷമുള്ള വിശദമായി പരിശോധന കഴിഞ്ഞ ദിവസം നടന്നു. ഡാമിന്റെ സുരക്ഷ നോക്കേണ്ട ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി എന്നാണ് നാട്ടുകാർ പറയുന്നത്.












Click it and Unblock the Notifications