ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം; സമയക്രമം ഇതാ, മൊബൈല്‍ പാടില്ല..!
ഇടുക്കി: നീണ്ട ഇടവേളക്ക് ശേഷം ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നു. നാളെ മുതല്‍ മേയ് 31 വരെ അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുക്കും. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും സന്ദര്‍ശകരെ അണക്കെട്ടിലേക്ക് പ്രവേശിപ്പിക്കില്ല. ഇത് ഒഴികെയുള്ള ദിവസങ്ങളില്‍ പരമാവധി 20 പേര്‍ക്ക് ഒരു സമയം അണക്കെട്ടിലേക്ക് പ്രവേശിക്കാം.
സന്ദര്‍ശകരെ അനുവദിക്കുന്ന കാലയളവില്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ അധികമായി നിയമിക്കും. കൂടാതെ സിസിടിവി ക്യാമറ, മെറ്റല്‍ ഡിറ്റക്റ്ററുകള്‍ എന്നിവയുടെ സഹായത്തോടെ പ്രവേശനം ക്രമീകരിക്കും. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കി മാത്രമെ സന്ദര്‍ശകരെ അണക്കെട്ടിലേക്ക് പ്രവേശിപ്പിക്കൂ. അണക്കെട്ടിന് സമീപം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് ബാരിക്കേഡുകള്‍ ഉപയോഗിച്ച് വേര്‍തിരിക്കും.

സന്ദര്‍ശന സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ ആയിരിക്കും. മുതിര്‍ന്നവര്‍ക്ക് 150 രൂപയും കുട്ടികള്‍ക്ക് 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മൊബൈല്‍ ഫോണുകള്‍, ക്യാമറകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.സുരക്ഷാ കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷമാണ് അണക്കെട്ടിലേക്കുള്ള പ്രവേശനം വിലക്കിയത്. ഇടുക്കി ഡാമില്‍ എത്തിയ വിനോദസഞ്ചാരികളില്‍ ഒരാളെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് സന്ദര്‍ശകരെ വിലക്കിയത്. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി പത്ത് ദിവസത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നെങ്കിലും ഡിസംബര്‍ 31 ന് വീണ്ടും പ്രവേശനം നിരോധിച്ചു. വേനലവധി ആരംഭിച്ചതോടെയാണ് അണക്കെട്ട് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പത്ത് ആര്‍ച്ച് അണക്കെട്ടുകളില്‍ ഒന്നാണ് ഇടുക്കി അണക്കെട്ട്. 780 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഇടുക്കി ജലവൈദ്യുത പദ്ധതി സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി കൂടിയാണ്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പൈനാവിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. പെരിയാറിന് കുറുകെ നിര്‍മിച്ചിരിക്കുന്ന ഈ അണക്കെട്ട് സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ട് കൂടിയാണ്.
60 ചതുരശ്രകിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണു ഡാമിനുള്ളത്. നിലവില്‍ വേനല്‍ കനത്തതോടെ അണക്കെട്ടിലെ വെള്ളം കുറഞ്ഞിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ അവശേഷിക്കുന്നത് 2345.26 അടി ജലമാണ്. ഇടുക്കി അണക്കെട്ട് കൂടാതെ ജില്ലയില്‍ കുണ്ടള, മാട്ടുപ്പെട്ടി, ഇടമലയാര്‍, ആനയിറങ്കല്‍, ലോവര്‍പെരിയാര്‍, മലങ്കര എന്നീ അണക്കെട്ടുകളും സര്‍ക്കാരിന് കീഴിലുണ്ട്.












Click it and Unblock the Notifications