'നടന്നത് 36 കോടിയുടെ ക്രമക്കേട്'; കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സൊസൈറ്റിക്കെതിരെ പരാതി
ഇടുക്കി: നെടുങ്കണ്ടം ഇടുക്കി ജില്ലാ ഡീലേഴ്‌സ് കോ - ഓപ്പറേറ്റീവ് ബാങ്ക് സൊസൈറ്റിക്കെതിരെ പരാതിയുമായി നിക്ഷേപകര്‍. നിക്ഷേപിച്ച പണം തിരികെ കിട്ടാന്‍ ദിവസവും ബാങ്കില്‍ കയറി ഇറങ്ങുകയാണ് എന്ന് നിക്ഷേപകര്‍ പരാതിയില്‍ പറയുന്നു. ചികിത്സക്കും വീട് വെക്കാനുമൊക്കെ കരുതി വെച്ച പണമാണിത്. കോണ്‍ഗ്രസ് ആണ് നെടുങ്കണ്ടം ഇടുക്കി ജില്ലാ ഡീലേഴ്‌സ് കോ - ഓപ്പറേറ്റീവ് ബാങ്ക് സൊസൈറ്റി ഭരിക്കുന്നത്.
150 ഓളം നിക്ഷേപകരാണ് പണം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യാന്‍സര്‍ രോഗിയായ പദ്മനാഭനും ഹൃദ്രോഗിയായ ഭാര്യയും ചികിത്സാവശ്യത്തിനായി നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ലെന്നാണ് പരാതിപ്പെടുന്നത്. ഡി ആര്‍ ഡി ഒയിലെ ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ കിട്ടിയ തുകയും ബെംഗളൂരുവിലെ സ്ഥലവും വീടും വിറ്റ് കിട്ടിയ പണത്തില്‍ നിന്നും ബാക്കിയുണ്ടായിരുന്നതുമാണ് സഹകരണ സംഘത്തില്‍ നിക്ഷേപിച്ചത്.

മൂന്നു പേരുടെ പേരിലായി പതിനഞ്ചു ലക്ഷം രൂപയുണ്ട് എന്നും എന്നാല്‍ ഇപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ പണം ചോദിച്ചപ്പോള്‍ കിട്ടിയില്ല എന്നുമാണ് ഇവര്‍ പറയുന്നത്. മൈക്ക് സെറ്റ് വാടകയ്ക്ക് കൊടുക്കുന്ന നെടുങ്കണ്ടം സ്വദേശി വിജയനും സമാന അവസ്ഥയാണ് നേരിടുന്നത്. വീട് പണിയുന്നതിനായി നിക്ഷേപിച്ച തുകയായിരുന്നു ഇത്. ഇപ്പോള്‍ പണം തിരികെ കിട്ടാത്തതിനാല്‍ വീട് പണി പാതി വഴിയില്‍ മുടങ്ങി നിലയിലാണ്.
ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഭരിക്കുന്ന ബാങ്കില്‍ 5 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്. ആവശ്യ സമയത്ത് ഇവര്‍ക്ക് പണം കിട്ടാതെ വന്നതോടെയാണ് ക്രമക്കേട് പുറത്തായത്. ആകെ 36 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം. എന്നാല്‍ മുന്‍ ജീവനക്കാര്‍ നടത്തിയ നിയമ ലംഘനങ്ങളാണ് ബാങ്കിനെ കടക്കെണിയിലാക്കിയതെന്നാണ് ഭരണ സമിതി പറയുന്നത്.
ക്രമക്കേടിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത സൊസൈറ്റി മുന്‍ സെക്രട്ടറി നിലവില്‍ ഒളിവില്‍ പോയിരിക്കുതയാണ്. സഹകാരികള്‍ അറിയാതെ അവരുടെ പേരില്‍ വായ്പ എടുത്തത്തതായും ആരോപണം ഉയരുന്നുണ്ട്. പണം തിരികെ ലഭിക്കാത്തവര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. അതിനിടെ ക്രമക്കേട് സംബന്ധിച്ച് പൊലീസിനും സഹകരണ വകുപ്പിനും ഭരണ സമിതി പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications