ഇടുക്കിയില്‍ മഴ കുറഞ്ഞു, വര്‍ഷകാല മഴയില്‍ 33 ശതമാനം കുറവ്..!
ഇടുക്കി: ജില്ലയിലെ ഇത്തവണ പെയ്ത വര്‍ഷകാല മഴയില്‍ വലിയ കുറവ് രേഖപ്പെടുത്തിയതായി കണക്ക്. വര്‍ഷകാല മഴയില്‍ 33 ശതമാനം കുറവാണ് ഇടുക്കിയില്‍ ഉണ്ടായത്. ജൂണ്‍ ഒന്ന് മുതല്‍ ഞായറാഴ്ച വരെ സാധാരണയായി ലഭിക്കേണ്ടിയിരുന്നത് 2493.4 മില്ലി മീറ്റര്‍ മഴയായിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ 1681 മില്ലി മീറ്റര്‍ മഴ മാത്രമാണ് ജില്ലയില്‍ ലഭിച്ചത്. അതേസമയം സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ അവേശഷിക്കുന്ന വെള്ളത്തിന്റെ അളവില്‍ വര്‍ധനവുണ്ട്.
ഇന്നലത്തെ കണക്ക് പ്രകാരം 2373.88 അടി ജലമാണ് ഇടുക്കി അണക്കെട്ടില്‍ അവശേഷിക്കുന്നത്. പൂര്‍ണ സംഭരണ ശേഷിയുടെ 68 ശതമാനമാണ് ഇത്. 2023 സെപ്തംബര്‍ 23 ന് ഇത് 2336.94 അടിയായിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഞായറാഴ്ച 4.8 മി.മീ. മഴ ലഭിച്ചു. ഇതോടെ 3.436 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു.

ഇടുക്കി അണക്കെട്ടിലെ ജലം ഉപയോഗിച്ച് മൂലമറ്റം വൈദ്യുതി നിലയത്തില്‍ 7.12 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പാദിപ്പിച്ചത്. അതേസമയം ഇടുക്കിക്ക് പുറമെ ആലപ്പുഴ, എറണാകുളം, വയനാട് ജില്ലകളിലും വര്‍ഷകാല മഴയില്‍ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ മറ്റ് ജില്ലകളില്‍ സാധാരണ നിലയില്‍ ഉള്ള മഴ ലഭിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്നും നാളേയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ആന്ധ്രാ - ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യുന മര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് മഴയ്ക്ക് കാരണം. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്. അടുത്ത ഏഴ് ദിവസം സംസ്ഥാനത്ത് വ്യാപകമായി നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്.












Click it and Unblock the Notifications