പടയപ്പ മാത്രമല്ല, 13 കാട്ടാനകള്‍ വേറെയും; ചൊക്കനാട് എസ്റ്റേറ്റില്‍ ആശങ്ക
മൂന്നാര്‍: ചൊക്കനാട് എസ്റ്റേറ്റില്‍ രണ്ട് ദിവസമായി കാട്ടാനകളുടെ ശല്യം രൂക്ഷമായതോടെ ഉറക്കം നഷ്ടപ്പെട്ട് പ്രദേശവാസികള്‍. നേരത്തെ പടയപ്പ ഭീതി പരത്തിയിരുന്നു. ഇതിന് പിന്നാലെ ഡസന്‍ കണക്കിന് കാട്ടാനകള്‍ ആണ് എസ്റ്റേറ്റില്‍ എത്തിയിരിക്കുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ചൊക്കനാട് എസ്റ്റേറ്റിലെ പുതുക്കാട്, ആശുപത്രി ഡിവിഷനുകളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്.
പടയപ്പ അടക്കം 14 കാട്ടാനകളാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. ആറും ഏഴും അടങ്ങുന്ന രണ്ട് സംഘവും പടയപ്പ തനിച്ചുമാണ് എസ്റ്റേറ്റില്‍ കറങ്ങുന്നത്. പകല്‍ സമയങ്ങളില്‍ അടക്കം പ്രധാന റോഡില്‍ ഇറങ്ങി കാട്ടാനകള്‍ നടക്കുന്നത് പതിവായിരിക്കുകയാണ്. കൂട്ടത്തില്‍ കുഞ്ഞുങ്ങള്‍ ഉള്ളതിനാല്‍ പിടിയാനകള്‍ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ അക്രമാസക്തരാകുന്നുമുണ്ട്.

കഴിഞ്ഞ ദിവസം ആനകളെ കണ്ട് റോഡില്‍ നിര്‍ത്തിയ കാറിനും ബൈക്കിനും ചുറ്റും രണ്ട് പിടിയാനകള്‍ അര മണിക്കൂര്‍ കറങ്ങി നടന്നിരുന്നു. ഇത് ഏറെ ആശങ്കയുണ്ടാക്കി. എന്നാല്‍ ആനകള്‍ വരുന്നത് കണ്ട് ഇരു വാഹനങ്ങളിലെയും യാത്രക്കാര്‍ വാഹനങ്ങളില്‍ നിന്നും ഇറങ്ങി സുരക്ഷിത സ്ഥലത്തേക്ക് മാറിയിരുന്നതിനാല്‍ അപകടമൊന്നുമുണ്ടായില്ല. അല്‍പ സമയത്തിന് ശേഷം ആനകള്‍ മടങ്ങിയതോടെയാണ് ഉടമകള്‍ക്ക് വാഹനമെടുക്കാന്‍ സാധിച്ചത്.
അതേസമയം എസ്റ്റേറ്റിലെ ഒട്ടേറെ തൊഴിലാളികളുടെ പച്ചക്കറി കൃഷികള്‍ കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്. രണ്ട് ഡിവിഷനിലെയും തൊഴിലാളികള്‍ നട്ട് വളര്‍ത്തിയ വിളവെടുപ്പിന് പാകമായി നിന്നിരുന്ന പച്ചക്കറികളാണ് കാട്ടാനകള്‍ തിന്ന് നശിപ്പിച്ചത് എന്ന് നാട്ടുകാര്‍ പറയുന്നു. ദേവികുളം, ലാക്കാട് മേഖലകളില്‍ നിന്ന് മടങ്ങിയ പടയപ്പ 10 ദിവസങ്ങള്‍ക്ക് ശേഷമാണ് ചൊക്കനാട് എത്തിയത്.












Click it and Unblock the Notifications