ആദ്യം സസ്‌പെന്‍ഷന്‍, പിന്നാലെ സ്റ്റേ; ഡ്യൂട്ടിക്ക് തിരിച്ചെത്തിയ ആദ്യദിനം വീണ്ടും കൈക്കൂലി, ഡിഎംഒ അറസ്റ്റില്‍
ഇടുക്കി: കൈക്കൂലി കേസില്‍ ഇടുക്കി ഡി എം ഒ ഡോ. എല്‍ മനോജ് അറസ്റ്റില്‍. മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ 75000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സാണ് മനോജിനെ അറസ്റ്റ് ചെയ്തത്. കൈക്കൂലി ആരോപണത്തില്‍ നേരത്തെ മനോജിനെ ആരോഗ്യ വകുപ്പ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായിരുന്നു. എന്നാല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് മനോജ് അനുകൂല വിധി വാങ്ങി.
ആരോഗ്യ വകുപ്പിന്റെ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്യുകയായിരുന്നു. ആരോപണത്തില്‍ വേണ്ടത്ര അന്വേഷണം നടത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മനോജിനെതിരായ പരാതിയില്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കണം എന്ന് നിര്‍ദേശമുണ്ടായിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെട്ട മനോജ് ഇന്ന് ഡ്യൂട്ടിക്കെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് അറസ്റ്റ്. മറ്റൊരു ഡോക്ടറുടെ ഡ്രൈവറായ രാഹുല്‍ രാജിന്റെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി പണം സ്വീകരിച്ചു എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഡ്രൈവര്‍ രാഹുല്‍ രാജിനെയും വിജിലന്‍സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന മനോജിനെതിരെ നേരത്തെയും ആരോഗ്യ വകുപ്പിന് പരാതികള്‍ ലഭിച്ചിരുന്നു.












Click it and Unblock the Notifications