തേടിയ ആളെ ഇവർക്ക് കിട്ടി; ഗ്വാട്ടിമാല ഏലത്തിനെ നാട്ടിലെത്തിച്ച് ഇടുക്കിക്കാർ...
തേടിയ ആളെ ഇവർക്ക് കിട്ടി; ഗ്വാട്ടിമാല ഏലത്തിനെ നാട്ടിലെത്തിച്ച് ഇടുക്കിക്കാർ...
ഇടുക്കി: ഏറെ കാലമായി ഏലം കർഷകർ തേടി നടന്ന ഗ്വാട്ടിമാല ഏലത്തെ ശാന്തൻ പാറയിൽ കണ്ടെത്തി. ഇന്ത്യയിൽ ഏലത്തിന്റെ വില കുറയാൻ പ്രധാന കാരണമായി പറയാറുള്ളത് ഗ്വാട്ടിമാല ഏലത്തിന്റെ ഇറക്കുമതിയാണ്. എന്നാൽ, ആ ഗ്വാട്ടിമാല ഏലത്തെ ശാന്തൻ പാറയി എത്തിച്ച് കൃഷി ചെയ്തിരിക്കുകയാണ് ഐ സി എ ആർ കൃഷി വിജ്ഞാന കേന്ദ്രം അധികൃതർ.

2016 ൽ സിക്കിമിൽ വച്ച് നടന്ന കാർഷിക പ്രദർശനത്തിലാണ് കൃഷി വിജ്ഞാന കേന്ദ്രം ഉദ്യോഗസ്ഥർക്ക് ഗ്വാട്ടിമാല ഏലത്തിന്റെ ഒരു തൈ ലഭിക്കുന്നത്. കൃഷി വിജ്ഞാന കേന്ദ്രത്തിലെ സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് ഡോ.സുധാകർ സൗന്ദർ രാജന്റെ നേതൃത്വത്തിൽ ആ ഏലത്തൈ ശാന്തൻ പാറയിൽ എത്തിച്ച കൂടുതൽ തൈകൾ ഉൽപാദിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഇപ്പോൾ 25 ഗ്വാട്ടിമാല ഏലച്ചെടികളാണ് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഫാമിൽ വളരുന്നത്. ഗ്വാട്ടിമാല ഏലത്തിന്റെ ഇളം തണ്ടുകൾക്ക് ചുവപ്പ് കലർന്ന ഇളം കാപ്പി നിറമാണ്. തണ്ടിന് മൂപ്പ് കൂടുന്തോറും നിറം കുറഞ്ഞു വരും. പച്ച നിറത്തിലുള്ള ഏലയ്ക്കയുടെ വലുപ്പം കൂടുതലാണ്. പക്ഷേ, ഗുണ നിലവാരത്തിന്റെ കാര്യത്തിൽ നമ്മുടെ ഏലത്തിന്റെ അയലത്തുപോലും ഇതു വരില്ലെന്ന് വിദഗ്ധർ പറയുന്നു. എണ്ണയുടെ അളവ് കുറവുള്ള ഗ്വാട്ടിമാല ഏലത്തിന് മണവും രുചിയും കുറവാണ്.
തണ്ടിനു ബലം കൂടുതലുള്ള ഗ്വാട്ടിമാല ഏലത്തെ തണ്ടുതുരപ്പൻ പുഴുവിന് തൊടാൻ കഴിയില്ല. ചൊറി ഉൾപ്പെടെയുള്ള രോഗങ്ങളും ഗ്വാട്ടിമാല ഏലത്തെ ബാധിക്കില്ല. രോഗബാധകളില്ലാത്തതിനാൽ ഗ്വാട്ടിമാല ഏലത്തിന് രാസവളങ്ങളും രാസകീടനാശിനികളും പ്രയോഗിക്കേണ്ടതില്ല. ദക്ഷിണ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ തൊഴിലാളികളുടെ വേതനവും കുറവാണ്. അതു കൊണ്ടാണ് ഗ്വാട്ടിമാല ഏലം ശരാശരി 700 രൂപയ്ക്കു വരെ വിൽക്കാൻ കഴിയുന്നത്.
എന്നാൽ ഭാരിച്ച ഉൽപാദനച്ചെലവാണ് ഇടുക്കിയിലെ ഏലത്തിന്റെ പ്രധാന പോരായ്മ. ഇതൊക്കെയാണെങ്കിലും ഗ്വാട്ടിമാല ഏലത്തിന് ഇവിടെ ഉൽപാദനം കുറവാണ്. ഗ്വാട്ടിമാലയിലെ കാർഷിക വിദഗ്ധരുമായി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ഇക്കാര്യം ചർച്ച ചെയ്തിരുന്നു.
തണൽ ഇല്ലാത്ത ഭൂപ്രകൃതിയും മഞ്ഞ് പെയ്യുന്ന കാലാവസ്ഥയുമാണ് ഗ്വാട്ടിമാല ഏലത്തിന് അനുയോജ്യമെന്നാണ് അവർ പറയുന്നത്. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നതും ഗ്വാട്ടിമാല ഏലത്തിന്റെ ഉൽപാദനം കുറയാൻ കാരണമാകും. ഗ്വാട്ടിമാല ഏലം വില കുറച്ച് ലഭിക്കുമെങ്കിലും ഗൾഫ് നാടുകളിലുൾപ്പെടെ ഇടുക്കിയിൽനിന്നുള്ള ഏലത്തിനാണ് ആവശ്യക്കാരുള്ളത്.












Click it and Unblock the Notifications