വന്യമൃഗങ്ങള്‍ നാട്ടിലേക്ക്; ദേശീയപാതയില്‍ മുന്നറിയിപ്പ് ബോര്‍ഡ് വെച്ച് വനം വകുപ്പ്
കുമളി: വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് സ്ഥിരം സംഭവമായതോടെ ദേശീയ പാതയോരത്ത് മുന്നറിയിപ്പ് ബോര്‍ഡുവെച്ച് വനം വകുപ്പ്. കൊട്ടാരക്കര-ദിണ്ഡിക്കല്‍ ദേശീയ പാതയിലെ കുമളിക്ക് സമീപം ചളിമടയിലാണ് വനം വകുപ്പ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്. കാട്ടുപോത്തിന്റെ ചിത്രം സഹിതമുള്ള മുന്നറിയിപ്പ് ബോര്‍ഡാണ് സ്ഥാപിച്ചിരിക്കുന്നത്. തേക്കടിയിലേക്കുള്ള വിദേശികള്‍ ഉള്‍പ്പെടെ വിനോദസഞ്ചാരികള്‍ യാത്ര ചെയ്യുന്ന റോഡാണ് ഇത്.
അടുത്തിടെയായി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ഈ ഭാഗത്ത് കൂടി പതിവായി കാട്ടുപോത്ത്, മ്ലാവ് എന്നിവയും ഇവയെ പിടികൂടാന്‍ പുലിയും എത്തിയിരുന്നു. ഇതോടെയാണ് മുന്നറിയിപ്പ് ബോര്‍ഡുമായി വനം വകുപ്പ് രംഗത്തെത്തിയത്. അതേസമയം ഇതുവഴി യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ ബോര്‍ഡ് കണ്ട് ദേശീയപാത കാട്ടിനുള്ളിലൂടെയാണോയെന്ന സംശയത്തിലാണ്.

പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്ന് സമീപ പ്രദേശമായ സ്പ്രിങ്‌വാലിയിലെ കൃഷിയിടങ്ങളിലൂടെ ഇറങ്ങിയാണ് വന്യജീവികള്‍ ഇവിടേക്ക് എത്തുന്നത്. റോഡ് മുറിച്ച് കടന്ന് കാട്ടുപോത്തുകള്‍ കൃഷിയിടങ്ങള്‍, തേയിലത്തോട്ടങ്ങള്‍ വഴി കിലോമീറ്ററുകള്‍ സഞ്ചരിച്ച് വിശ്വനാഥപുരം, വെള്ളാരംകുന്ന്, ചെങ്കര എന്നിവിടങ്ങളിലെ ജനവാസമേഖലയിലേക്ക് വരെ എത്തുകയാണ്. ഇവയുടെ ആക്രമണത്തില്‍ ജനം പൊറുതിമുട്ടിയിരിക്കുകയാണ്.
അതിനിടെ ഇവയെ ഇരപിടിക്കാനായി കടുവയും പുലിയും കൂടി പിന്നാലെ എത്തുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. തേക്കടി, സ്പ്രിങ്‌വാലി, വള്ളക്കടവ്, വണ്ടിപ്പെരിയാര്‍ തുടങ്ങി പീരുമേട് വരെ പല സ്ഥലത്തും കൃഷിയിടങ്ങളില്‍ പന്നിയും കുരങ്ങും മ്ലാവും ആനയുമെല്ലാം വ്യാപകമായ കൃഷിനാശമാണ് വരുത്തി വെക്കുന്നത്. വള്ളക്കടവില്‍ വളര്‍ത്തുമൃഗങ്ങളെ പിടികൂടുന്ന കടുവ, പുലി എന്നിവയെ പിടികൂടാന്‍ വനപാലകര്‍ നടത്തിയ ശ്രമം വിഫലമായി.












Click it and Unblock the Notifications