വാഗമൺ ലഹരിമരുന്ന് പാർട്ടി: നാല് പേർ അറസ്റ്റിൽ, മുറിയെടുത്തത് പിറന്നാൾ ആഘോഷത്തിന് എന്ന പേരിലെന്ന് ഉടമ!!
ഇടുക്കി: വാഗമൺ ലഹരിമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. പിറന്നാൾ ആഘോഷത്തിന് എന്ന പേരിലാണ് സ്വകാര്യ വ്യക്തികൾ വാഗമണ്ണിലെ റിസോർട്ടിൽ മുറിയെടുത്തതെന്നാണ് റിസോർട്ട് ഉടമ നൽകുന്ന വിവരം. അതേ സമയം രാത്രി എട്ട് മണിയ്ക്ക് മുമ്പ് തന്നെ ക്ലിഫ് ഇൻ റിസോർട്ടിൽ നിന്ന് മടങ്ങുമെന്ന് ഈ സംഘം ഉറപ്പുനൽകിയിരുന്നുവെന്നും പോലീസിന് നൽകിയ മൊഴിയിൽ റിസോർട്ട് ഉടമ ഷാജി വ്യക്തമാക്കിയത്. റിസോർട്ട് ബുക്ക് ചെയ്തത് കൊച്ചി സ്വദേശി ഏണസ്റ്റെന്നാണെന്നും റിസോർട്ട് ഉടമ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
റിസോർട്ടിലെ മൂന്ന് മുറികളാണ് ഈ സംഘം എടുത്തിരുന്നത്. എന്നാൽ നേരത്തെ പറഞ്ഞതിലധികം ആളുകളെത്തിയപ്പോൾ അക്കാര്യം ചോദ്യം ചെയ്തുവെന്നും റിസോർട്ട് ഉടമ പോലീസിനോട് പറഞ്ഞിരുന്നു. സിപിഐയുടെ പ്രാദേശിക നേതാവായ ഷാജി കുറ്റാക്കാട് ഏലപ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്. കേസുമായി ബന്ധപ്പെട്ട് റിസോർട്ട് ഉടമ നൽകിയ മൊഴി പൂർണ്ണമായും പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.

നിശാപാർട്ടി സംഘടിപ്പിച്ച സംഭവത്തിന് പിന്നിൽ ഒമ്പത് പേരാണെന്നാണ് പോലീസ് നൽകുന്ന വിവരം. അതേ സമയം ക്ലിഫ് ഇൻ റിസോർട്ടിൽ വെച്ച് ഞായറാഴ്ച ലഹരിമരുന്ന് പാർട്ടി നടക്കുമെന്ന് രണ്ട് ദിവസം മുമ്പ് ഇടുക്കി എസ്പി ഉൾപ്പെടെയുള്ളവർക്ക് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ പോലീസ് റിസോർട്ട് നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെ നാർക്കോട്ടിക്സ് സംഘം റിസോർട്ടിലെത്തി പരിശോധന നടത്തിയതോടെ വൻതോതിൽ ലഹരിമരുന്ന് പിടിച്ചെടുക്കുകയായിരുന്നു. പിടിച്ചെടുന്ന ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണ്. എന്നാൽ റെയ്ഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
സോഷ്യൽ മീഡിയയെ മറയാക്കി വിവരങ്ങൾ കൈമാറിയാണ് നിശാപാർട്ടി സംഘടിപ്പിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 60ഓളം പേരാണ് പാർട്ടിയിൽ പങ്കെടുത്തതെന്നാണ് പോലീസ് നൽകുന്ന വിവരം. എറണാകുളം, പെരിന്തൽമണ്ണ എന്നീ മേഖലകളിൽ നിന്നുള്ളവരാണ് ലഹരിമരുന്ന് പാർട്ടിക്കായി എത്തിയിരുന്നത്. ഇവരിൽത്തന്നെ 25 പേരും സ്ത്രീകളാണ്.












Click it and Unblock the Notifications