ഇടുക്കിയിൽ ഹർത്താൽ പൂർണം; ബോഡിമേട്ടിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു..
ചിന്നക്കനാൽ, ശാന്തമ്പാറ മേഖലയിൽ ജനജീവിതത്തിന് വെല്ലുവിളിയായ അരിക്കൊമ്പനെ പിടികൂടാനുള്ള മിഷൻ അരിക്കൊമ്പൻ സ്റ്റേ ചെയ്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിലെ 10 പഞ്ചായത്തുകളിൽ ഇന്ന് എൽഡിഎഫ് ആഹ്വാനം ചെയ്ത ജനകീയ ഹർത്താൽ പൂർണം. ബോഡിമേട്ടിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ജുഡീഷ്യറിയുടെ നിലപാടിൽ പ്രതിഷേധിച്ച് മറയൂർ, കാന്തല്ലൂർ, വട്ടവട ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, ചിന്നകനാൽ, ഉടുമ്പൻ ചോല തുടങ്ങിയ പഞ്ചായത്തുകളിലാണ് ഹർത്താൽ.
ചിന്നക്കനാൽ പവർ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിച്ചു. വിദ്യാർത്ഥികളുടെ പരീക്ഷ ഉൾപ്പെടെ പരിഗണിച്ച് രാജാക്കാട്, സേനാപതി, ബൈസൺവാലി എന്നീ മൂന്ന് പഞ്ചായത്തുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇന്നലെ ചിന്നക്കനാൽ ശാന്തൻപാറ നിവാസികൾ കുങ്കി ആനകളെ പാർപ്പിച്ചിരുന്നിടത്തേക്ക് പ്രതിഷേധം നടത്തി. വനം വകുപ്പിന്റെ ബാരിക്കേഡുകൾ തകർത്തു. അരിക്കൊമ്പനെ പിടികൂടിയില്ലെങ്കിൽ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാൻ ആണ് തീരുമാനം. ഹൈക്കോടതിയുടെ വിധി അനുകൂലമായിരിക്കുമെന്നാണ് നാട്ടുകാർ പ്രതീക്ഷിച്ചത്. എന്നാൽ, പ്രതികൂലമായിരുന്നു. ഇതോടെ കടുത്ത അമർഷത്തിലാണ് പ്രദേശവാസികൾ.

മദപ്പാടുള്ളതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടർന്നാൽ റേഡിയോ കോളർ ഘടിപ്പിക്കാനുമാണ് കോടതി നിർദേശം.
താല്ക്കാലികമായി നിന്നതോടെ പൂപ്പാറ, സിമൻറ്പാലം എന്നിവിടങ്ങളിൽ നാട്ടുകാർ പ്രതിഷേധം തുടങ്ങി. സ്ത്രീകളടക്കമുള്ളവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ബുധനാഴ്ച വിധി പ്രതീക്ഷിച്ചിരിക്കെയാണ് കോടതിയിൽനിന്ന് സ്റ്റേ വന്നത്. കോടതി വിധി അനുകൂലമായാൽ വ്യാഴാഴ്ച പുലർച്ച നാലിന് ദൗത്യം ആരംഭിക്കാനായിരുന്നു വനംവകുപ്പിൻറെ തീരുമാനം. ഇതിനായി 71 അംഗ സംഘത്തെ എട്ട് ടീമുകളായി തിരിച്ചിരുന്നു. അഞ്ച് കുങ്കിയാനകളെയും ദൗത്യത്തിനായി ചിന്നക്കനാലിൽ എത്തിച്ചിട്ടുണ്ട്. ആർ.ആർ.ടി തലവൻ അരുൺ സക്കറിയ, സി.സി.എഫുകാരായ നരേന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം തീരുമാനിച്ചിരുന്നത്.
18 വർഷത്തിനിടെ റേഷൻ കടയും ഏലം സ്റ്റോറും ഒക്കെയായി 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തെന്നാണ് വനംവകുപ്പ് കണ്ടെത്തിയത്. ഇതിൽ 23 എണ്ണം ഒരുവർഷത്തിനിടെയാണ് തകർത്തത്. ആക്രമണത്തിൽ വീടിൻറെ ഭാഗങ്ങൾ വീണ് മുപ്പതോളം പേർക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നൂറിലധികം പേരുടെ ഏക്കറുകണക്കിന് കൃഷിക്കും നഷ്ടമുണ്ടാക്കി. 2010 മുതൽ മാർച്ച് വരെയുള്ള കണക്കുകളിൽ ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിലായി 29പേരാണ് കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചത്. ഇതിൽ അരിക്കൊമ്പൻറെ ആക്രമണത്തിൽ മാത്രം 11പേർ കൊല്ലപ്പെട്ടതായാണ് വിവരങ്ങൾ. കോടതിയുടെ തീരുമാനം നിരാശജനകം ആണെന്ന് പ്രതിഷേധക്കാർ പറയുന്നത്.












Click it and Unblock the Notifications