ഇടുക്കി ജില്ലയില്‍ ജനുവരി 9 ന് എല്‍ ഡി എഫ് ഹർത്താല്‍
തൊടുപുഴ: ഇടുക്കി ജില്ലയില്‍ ജനുവരി 9 ന് എല്‍ ഡി എഫ് ഹർത്താല്‍. ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്ക്കാത്ത ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ജനുവരി 9ന് എൽ ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കിയെ ജനങ്ങള്‍ രാജ്‌ഭവനില്‍ മാർച്ച് നടത്തുമെന്നും നേരത്തെ നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്നേ ദിവസം തന്നെ ഇപ്പോള്‍ ഹർത്താലും പ്രഖ്യാപിച്ചിരിക്കുന്നത്.
ജനുവരി 9 ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇടുക്കിയില്‍ എത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇടുക്കി ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ കാരുണ്യത്തിന്റെ ഉദ്ഘാടന നിർവ്വഹിക്കാനായി തൊടുപുഴയിലാണ് ഗവർണ്ണർ വരുന്നത്. ജനുവരി 9 ന് ഇടുക്കി ജില്ലയിലെ പരിപാടിയിൽ പങ്കെടുക്കാനുള്ള ഗവർണ്ണറുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് എല്‍ ഡി ഫ് നേതാക്കൾ വ്യക്തമാക്കുന്നത്.

പരിപാടിയിൽ പങ്കെടുക്കുന്ന ഗവർണ്ണറുടെയും, ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നടപടി പ്രതിഷേധാർഹമാണ്. ഇരുകൂട്ടരും അവരുടെ തീരുമാനം പിൻവലിക്കണമെന്നും എല്‍ ഡി ഫ് നേതാക്കള്‍ പറഞ്ഞു. രാജ്ഭവൻ മാർച്ച് നടത്തും. ജില്ലയിലെ കുടിയേറ്റ കർഷകരുടെ ചിരകാല അഭിലാഷമായ ഭൂ നിയമ ഭേദഗതി സെപ്തംബർ 14ന് നിയമസഭയിൽ അവതരിപ്പിച്ച് ഏകകണ്ഠേന പാസാക്കിയതാണ്. ജനാധിപത്യ മര്യാദകൾ മറന്ന് ഗവർണർ ബില്ല് തടഞ്ഞുവച്ചതിനെ തുടർന്നാണ് രാജ്‌ഭവൻ മാർച്ച് നടത്താൻ എൽ ഡി എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.
ആറരപതിറ്റാണ്ട് കാലമായി ജില്ലയിൽ നീറിപ്പുകയുന്ന ഭൂപ്രശനങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് ഭൂ പതിവ് ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. ജില്ലയിലെ ഭൂപ്രശ്നങ്ങൾ ഒരിക്കലും പരിഹരിക്കപ്പെടരുതെന്ന് ആഗ്രഹമുള്ള പ്രതിപക്ഷം സഭയിൽ ബില്ലിനെ അനുകൂലിക്കുകയും പുറത്തുവന്ന് യുഡിഎഫിന്റെ നേതൃത്വത്തിൽ ബില്ലിനെ എതിർക്കുകയും ബില്ല് കത്തിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ജനം കണ്ടതാണ്.
കോൺഗ്രസിന്റെ മൗന പിന്തുണയോടുകൂടി ചില അരാഷ്ട്രീയ സംഘടനകൾ കൊടുത്ത പരാതി മുതലാക്കി ഫെഡറൽ തത്വങ്ങൾ ലംഘിച്ച് സംസ്ഥാന സർക്കാരിനെതിരെ നിരന്തരം നടത്തുന്ന പ്രതികാര നടപടികളുടെ ഭാഗമായിട്ടാണ് ജില്ലയിലെ കൃഷിക്കാർക്ക് അനുകൂലമാകുന്ന ചരിത്രപരമായ ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തത്. രാജ്ഭവൻ മാർച്ചിന് മുന്നോടിയായി ജില്ലയിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും പൊതുയോഗങ്ങൾ സംഘടിപ്പിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.
അതേസമയം, ഇടുക്കി ജില്ലയിലെ മാങ്കുളം പഞ്ചായത്തിൽ ഇന്ന് ജനകീയ സമരസമിതിയുടെ ഹർത്താൽ പുരോഗമിക്കുകയാണ്.പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെയും മെമ്പറെയും വനം വകുപ്പുദ്യോഗസ്ഥർ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താല്‍. മാങ്കുളം പെരുമ്പൻക്കുത്തിലെ പവലിയനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം.രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. ഹർത്താലിനൊപ്പം മാങ്കുളം ഡി എഫ് ഒ ഓഫീസിലേക്ക് കർഷകരെ പങ്കെടുപ്പിച്ച് മാർച്ചും സംഘടിപ്പിച്ചു.












Click it and Unblock the Notifications