ഡമ്മി റേഷന്‍ കട, അവിടെ തന്നെ കഞ്ഞിവെപ്പും; അരിക്കൊമ്പനായി അരിക്കെണിയൊരുക്കി വനംവകുപ്പ്

തൊടുപുഴ: ജനവാസ കേന്ദ്രങ്ങളിലെത്തി നാശം വിതക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലും ദിവസങ്ങളായി നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ മയക്കുവെടിവെക്കാക്കാനാണ് തീരുമാനം. ആനയെ കബളിപ്പിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും പിന്നീട് മയക്കുവെടി വെക്കാനും ആണ് തീരുമാനം.
ഇതിനായി ചിന്നക്കനാല്‍ സിമന്റുപാലത്തിന് സമീപം റേഷന്‍കടയ്ക്ക് സമാനമായ സാഹചര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. അരി ഇഷ്ടഭക്ഷണമായ കൊമ്പനെ ഇവിടേക്ക് ആകര്‍ഷിക്കാനാണ് ഇത്. ഇവിടെ അരിയും മറ്റ് സാധനങ്ങളും സജ്ജീകരിച്ച് വെക്കും. കഞ്ഞി ഉള്‍പ്പടെയുള്ള ഭക്ഷണങ്ങള്‍ പാകം ചെയ്ത് കൊമ്പനെ ഇവിടേക്ക് വരുത്താന്‍ ആണ് വനം വകുപ്പ് തയ്യാറാക്കിയിരിക്കുന്ന പദ്ധതി.
ആള്‍ത്താമസമുള്ള സ്ഥലമാണ് എന്ന പ്രതീതി സൃഷ്ടിച്ച ശേഷം ആന ആകര്‍ഷിക്കപ്പെട്ട് എത്തി കഴിഞ്ഞാല്‍ മയക്കുവെടി വെച്ചശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടുകയാണ് ലക്ഷ്യം. പ്രദേശത്തെ ഏറ്റവും അപകടകാരിയായ അരിക്കൊമ്പന്‍ 12 പേരെ ഇതിനോടകം കൊന്നിട്ടുണ്ട്. 30 നും 40 നും ഇടയിലാണ് അരിക്കൊമ്പന്റെ പ്രായം. റേഷന്‍കട തകര്‍ത്ത് അരിയും പഞ്ചസാരയും അകത്താക്കുന്നതിനാലാണ് 'അരിക്കൊമ്പന്‍' എന്ന് വിളിക്കാന്‍ തുടങ്ങിയത്.
ഒരു വര്‍ഷത്തിനിടെ 10 തവണ അരിക്കൊമ്പന്‍ റേഷന്‍ കട തകര്‍ത്തിരുന്നു. അതേസമയം അരിക്കൊമ്പനെ പിടികൂടാന്‍ കുങ്കിയാനയായ 'വിക്ര'ത്തെ എത്തിക്കും. വനത്തിനോട് ചേര്‍ന്നാണ് കുങ്കിയാനയ്ക്കും പാപ്പാനും സഹായികള്‍ക്കും വിശ്രമിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. അരിക്കൊമ്പനെ പിടികൂടുന്നതിനായി നാല് കുങ്കിയാനകളെയാണ് ഉപയോഗിക്കുന്നത്. വനം വകുപ്പിനൊപ്പം പൊലീസ്, ആരോഗ്യ വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയും അരിക്കൊമ്പന്‍ ദൗത്യത്തില്‍ പങ്കാളികളാവും.












Click it and Unblock the Notifications