വിപണി വിലയേക്കാള്‍ 1000 രൂപ നല്‍കാമെന്ന വാഗ്ദാനം; ഹൈറേഞ്ചില്‍ തട്ടിപ്പിനിരയായി ഏലം കര്‍ഷകര്‍
അടിമാലി: ഹൈറേഞ്ചില്‍ ഏലം കര്‍ഷകരെ തട്ടിച്ച് കോടികള്‍ കവര്‍ന്നു. വിപണി വിലയെക്കാള്‍ 500, 1000 രൂപ അധികം വിലയിട്ട് ഏലക്ക സംഭരിച്ച ശേഷം പണം നല്‍കാതെ കര്‍ഷകരെ കബളിപ്പിച്ചു എന്നാണ് പരാതി. 30 മുതല്‍ 40 ദിവസത്തിനുള്ളില്‍ പണം നല്‍കാം എന്ന് പറഞ്ഞാണ് ഏലക്ക വാങ്ങിയത്. പാലക്കാട് കരിമ്പ സ്വദേശി മുഹമ്മദ് നസീര്‍ എന്നയാളാണ് കര്‍ഷകരെ കബളിപ്പിച്ചത്.
പണം ലഭിക്കാനുള്ളവര്‍ ഇടുക്കി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്. അടിമാലി സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ 21 പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. അഞ്ചു കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയിരിക്കുന്നത് എന്നാണ് ഈ പരാതികളില്‍ ഉള്ളത്. എന്‍ ഗ്രീന്‍ ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ വിവിധ സ്ഥലങ്ങളില്‍ കടമുറികള്‍ വാടകക്ക് എടുത്ത ശേഷം ജോലിക്കാരെ വെച്ചാണ് ഏലക്ക സംഭരിച്ചത്.

തുടക്കത്തില്‍ കുറച്ച് പേര്‍ക്ക് പണം നല്‍കി ആളുകളെ വിശ്വാസത്തിലെടുത്തു. എന്നാല്‍ പിന്നീട് ഏലക്ക നല്‍കിയവര്‍ക്ക് ആര്‍ക്കും പണം ലഭിച്ചില്ല എന്നാണ് പറയുന്നത്. തട്ടിപ്പനിരയായവരില്‍ 50000 രൂപ മുതല്‍ 75 ലക്ഷം വരെ നഷ്ടമായവരുണ്ട്. ഏഴ് മാസം മുമ്പാണ് എന്‍ ഗ്രീന്‍ ഇന്റര്‍നാഷനല്‍ ഹൈറേഞ്ചില്‍ ഏലക്ക സംഭരണവുമായി രംഗത്തെത്തുന്നത്. ഓരോ സ്ഥലങ്ങളിലും കമീഷന്‍ അടിസ്ഥാനത്തില്‍ ഏജന്റുമാരെയും നിയോഗിച്ചായിരുന്നു തട്ടിപ്പ്.
പണം ലഭിക്കാനുള്ളവര്‍ മുഹമ്മദ് നസീറിനെ വിളിച്ചപ്പോള്‍ ഉടനെ ല്‍കാമെന്ന വാട്‌സ്ആപ്പ് സന്ദേശം മാത്രമാണ് ലഭിച്ചത്. പണം ലഭിക്കാന്‍ ഉള്ളവര്‍ക്ക് ചെക്കുകള്‍ നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ഇതെല്ലാം മടങ്ങുകയും ചെയ്തു. ഇപ്പോള്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.












Click it and Unblock the Notifications