സിന്ധുവിന്റെ മൃതദേഹം അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍; നടുങ്ങി നാട്!! അയല്‍വാസി മുങ്ങി
ഇടുക്കി: കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍. കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാമാക്ഷി സ്വദേശിയായ സിന്ധു (45)വിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. സിന്ധുവിന്റെ അമ്മ വെള്ളത്തൂവല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നുവരികയായിരുന്നു. മൂന്നാഴ്ച മുമ്പാണ് സിന്ധുവിനെ കാണാതായതും പോലീസില്‍ പരാതി ലഭിച്ചതും.
അയല്‍വാസിയായ ബിനോയിയും സിന്ധുവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു എന്ന് സംസാരമുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ബിനോയിയെ കണ്ടെത്തണം. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് സംശയം. അതിര്‍ത്തിയിലും പ്രതി പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും പോലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ ഭര്‍ത്താവുമായി പിണങ്ങിയ ശേഷം തനിച്ച് താമസിക്കുകയായിരുന്നു സിന്ധു. അതിനിടെയാണ് ബിനോയിയുമായി അടുത്തത്.

ഭര്‍ത്താവുമായി പിണങ്ങിയ സിന്ധു കുറച്ച് കാലമായി പണിക്കന്‍കുടിയില്‍ വാടക വീടെടുത്ത് ഇളയ മകനൊപ്പം താമസിച്ചുവരികയായിരുന്നു. പിന്നീടാണ് ബിനോയിയുമായി അടുത്തത്. അതിനിടെ കഴിഞ്ഞ മാസം സിന്ധു ഭര്‍ത്താവിനെ കാണാന്‍ പോയിരുന്നു. അസുഖ ബാധിതനാണ് എന്നറിഞ്ഞപ്പോഴാണ് പോയതത്രെ. ഇതേചൊല്ലി ബിനോയ് തര്‍ക്കിച്ചുവെന്ന വിവരവും പോലീസിന് ലഭിച്ചു. പിന്നീടാണ് കാണാതായത്.
ഭര്‍ത്താവിനെ കണ്ടു തിരിച്ചുവന്ന ശേഷമാണ് കാണാതായത് എന്നാണ് വിവരം. ബിനോയിയുടെ പ്രതികരണങ്ങളില്‍ സിന്ധുവിന്റെ ബന്ധുക്കള്‍ക്ക് ചില സംശയങ്ങള്‍ തോന്നിയിരുന്നു. ഇതിനിടെയാണ് സിന്ധുവും ബിനോയിയും തമ്മില്‍ തര്‍ക്കമുണ്ടായി എന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. പരാതിയില്‍ അമ്മ ഇക്കാര്യം പറഞ്ഞിട്ടുണ്ട്്. വെള്ളത്തൂവല്‍ പോലീസില്‍ പരാതി ലഭിച്ചതിന് പിന്നാലെ ബിനോയ് ഒളിവില്‍ പോകുകയും ചെയ്തു.
ഇതോടെ ബന്ധുക്കള്‍ക്ക് സംശയം ഇരട്ടിച്ചു. പോലീസും ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് ബിനോയിയുടെ വീട്ടില്‍ വിശദമായ പരിശോധന നടത്തി. അടുക്കളയില്‍ മണ്ണിളകിയ നിലയില്‍ കണ്ടു. തുടര്‍ന്ന് കുഴിച്ചുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ ഇവിടെ പരിശോധിച്ചിട്ടും തുമ്പ് ലഭിച്ചിരുന്നില്ല. സിന്ധുവിന് എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഇനി ബിനോയിയെ കണ്ടെത്തണം. സിന്ധുവിന്റെ മകനെ ബന്ധുവീട്ടില്‍ ഏല്‍പ്പിച്ച ശേഷമാണ് ബിനോയ് മുങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇടുക്കിയില്‍ നിന്ന് മറ്റൊരു നടുക്കുന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. കമിതാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും യുവാവ് കൊക്കയിലേക്ക് ചാടിയതുമായിരുന്നു സംഭവം. ജീവിതം അവസാനിപ്പിക്കുന്നത് സംബന്ധിച്ച വീഡിയോ സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമാണ് യുവാവ് ചാടിയതത്രെ. യുവതിയെ കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പെരുമ്പാവൂര്‍ സ്വദേശി നാദിര്‍ഷ അലിയാണ് മരിച്ചത്. ഇരുവരും മറയൂര്‍ കാന്തല്ലൂര്‍ ഭ്രമരം വ്യൂപോയിന്ററില്‍ എത്തിയ ശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.












Click it and Unblock the Notifications