ഇടുക്കിയില്‍ വീണ്ടും പുലിയിറങ്ങി; ആടുകളെ ആക്രമിച്ചു, പ്രദേശവാസികള്‍ ആശങ്കയില്‍
ഇടുക്കി: ഇടുക്കി ജില്ലയില്‍ വീണ്ടും പുലിയിറങ്ങി. ഉപ്പുതറ ചപ്പാത്തില്‍ ആണ് പുലിയിറങ്ങിയിരിക്കുന്നത്. വള്ളക്കടവിവും പുതുവലിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹെലിബറിയ എസ്റ്റേറ്റിലെത്തിയ പുലി പുതുവല്‍ സ്വദേശി ഫിലിപ്പോസ് എന്നയാളുടെ രണ്ട് ആടുകളെ ആക്രമിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ പുലി തേയിലത്തോട്ടത്തിലേക്ക് ഓടി മറയുകയായിരുന്നു.
സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ആടുകളെ ആക്രമിച്ചത് പുലിയാണെന്ന് വ്യക്തമായത്. ജനവസമേഖലയില്‍ പുലിയിറങ്ങിയത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ചപ്പാത്ത് വള്ളക്കടവ് പ്രദേശത്ത് വെച്ചാണ് ആദ്യം പുലിയെ കണ്ടത്. രാത്രി 10.00 മണിയോടെയാണ് പുലിയെ കണ്ടതായി നാട്ടുകാര്‍ വിവരമറിയിക്കുന്നത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് ആദ്യം പുലിയെ കണ്ടത്. ഇയാള്‍ പിന്നീട് സമീപവാസിയെ വിവരം അറിയിക്കുകയം തിരച്ചില്‍ നടത്തുകയും ചെയ്തു. ഇതിനിടെ റോഡില്‍ നിന്നും പുലി സമീപത്തെ തേയിലക്കാട്ടിലേക്ക് മറഞ്ഞു. പിന്നീട് രാത്രി 11 മണിയോടെ ആണ് പുതുവലിലില്‍ താമസിക്കുന്ന കോട്ടവിള ഫിലിപ്പോസിന്റെ വീട്ടിലെ ആടുകളെ പുലി ആക്രമിച്ചത്. ആടുകള്‍ കരയുന്ന ശബ്ദം കേട്ട് ഇവര്‍ പുറത്തേക്കിറങ്ങിയപ്പോള്‍ പുലി വീണ്ടും ഓടി മറഞ്ഞു.
തുടര്‍ന്ന് വീട്ടിലെ സി സി ടി വി പരിശോധിച്ചപ്പോഴാണ് പുലിയാണെന്ന് വ്യക്തമായത്. ഒരു മാസം മുമ്പ് മേഖലയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പുലിയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പിടികൂടാനായില്ല. അതേസമയം മുറിഞ്ഞപുഴ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് കൂട് സ്ഥാപിക്കുന്നത് സംബന്ധിച്ച് സാധ്യതകള്‍ തേടുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.












Click it and Unblock the Notifications