സിപിഎമ്മില്‍ നിന്നും 25 ലക്ഷം വാങ്ങി, കോണ്‍ഗ്രസ് നേതാക്കള്‍ യുഡിഎഫിനെ തോല്‍പ്പിച്ചു; ഗുരുതര ആരോപണം
തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇടുക്കി ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആര്‍ എസ് പിയും രംഗത്ത്. ഇടുക്കിയെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കെപിസിസിക്ക് പരാതി നല്‍കിയിരിക്കുകയാണ് പ്രദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആര്‍എസ്പിയും. കൂടാതെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അട്ടിമറിയുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ല നേതാക്കന്മാരുടെ കോലം കത്തിച്ച് പ്രതിഷേധവും സംഘടിപ്പിച്ചു.

ഇടുക്കി ജില്ലയിലെ ഉറച്ച സീറ്റുകളില്‍ പോലും യുഡിഎഫ് ദയനീയ പരാജയമാണ് നേരിട്ടത്. ഇതോടെ ഇടുക്കി ജില്ലയില്‍ നിന്നുള്ള കെപിസിസി സെക്രട്ടറി റോയ് കെ പൗലോസിന്റെയും, ബ്ലോക്ക് പ്രസിഡന്റെയും കോലം കത്തിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വിമതരെ കളത്തിലറക്കി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരെ ഉയരുന്ന ആരോപണം.
ഹൈറേഞ്ചിലെ മൂന്ന് നേതാക്കള്‍ പണം വാങ്ങി യുഡിഎഫിനെ പരാജയപ്പെടുത്തിയെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന പരാതി. സിപിഎമ്മില്‍ നിന്നും ഇവര്‍ 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ഉന്നയിക്കുന്ന ആരോപണം. കഴിഞ്ഞ രണ്ട് തവണ മൃഗീയ ഭൂരിപക്ഷത്തില്‍ ജയിച്ച പഞ്ചായത്തുകളാണ് ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തത്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ വന്‍ പരാജയമാണ് ഇത്തവണ യുഡിഎഫ് നേരിട്ടത്. ജില്ല കോണ്‍ഗ്രസ് നേതൃത്വം പരാജയം സ്വയം ഏറ്റെടുത്ത് രാജിവച്ച് ഒഴിയണമെന്ന ആവശ്യവും ഉയരുന്നുണ്ട്.












Click it and Unblock the Notifications