ഈ മഴപോര: നിറയാതെ ഇടുക്കിയിലെ ആനയിറങ്കല്‍ ഡാം
ഇടുക്കി: പ്രളയം നിലക്കാതെ പെയ്തിറങ്ങിയപ്പോള്‍ ഇടുക്കി ജില്ലയിലെ ഒട്ടുമിക്ക അണക്കെട്ടുകളും തുറന്നു വിട്ടിരുന്നു എന്നാല്‍. ഇനിയും നിറയാത്ത ഒരണക്കെട്ടുണ്ട് ഇടുക്കി ജില്ലയില്‍. ആനയിറങ്കല്‍ ജലാശയം. കനത്ത മഴയില്‍ ഇടുക്കി ജില്ലയിലെ അണക്കെട്ടുകള്‍ നിറഞ്ഞ് തുറന്ന് വിട്ടപ്പോള്‍ ഇതുവരെയും പരമാവധി സംഭരണ ശേഷിയിലേയ്ക്ക് എത്താന്‍ ആനയിറങ്കല്‍ അണക്കെട്ടിനായിട്ടില്ല.
ജലാശയത്തിന്റെ പരമാവധി സംഭരണ ശേഷിയിലേയ്ക്ക് ജലനിരപ്പെത്താന്‍ ഇനിയും ഏഴടി കൂടി വെള്ളം ഉയരണം. പന്നിയാര്‍ പവ്വര്‍ ഹൗസ്സിലേയ്ക്ക് വെള്ളമെത്തിയ്ക്കുന്നതിന് വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന പൊന്മുടി അണക്കെട്ടിന്റെ സഹ അണക്കെട്ടെന്ന നിലയിലാണ് ആനയിറങ്കല്‍ ഡാം നിര്‍മ്മിച്ചിട്ടുള്ളത്.

പൊന്‍മുടി ജലാശയത്തിലെ ജലനിരപ്പ് താഴുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അണക്കെട്ട് തുറന്ന് പന്നിയാര്‍ പുഴയിലൂടെ പൊന്‍മുടി ജലാശയത്തിലേയ്ക്ക് വെള്ളം ഒഴുക്കി വിടുകയാണ് പതിവ്. ഇതോടെ ആനയിറങ്കലിലെ ജലനിരപ്പ് ഗണ്യമായി കുറയുകയും പിന്നീട് കാലവര്‍ഷ മഴയില്‍ വീണ്ടും വെള്ളം സംഭരിക്കുകയുമാണ് ചെയ്യുന്നത്.
ഇത്തവണയും ജനുവരിമുതല്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി പൊന്മുടിയിലേയ്ക്ക് വെള്ളം ഒഴുക്കിയിരുന്നു. അതുകൊണ്ട് തന്നെ ശക്തമായ മഴ പെയ്തപ്പോള്‍ മുഴുവന്‍ ജലവും അണക്കെട്ട് തുറന്ന് വിടാതെ സംഭരിക്കുവാന്‍ കഴിഞ്ഞു. 84. 7 കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന ജലാശയത്തില്‍ ഇനിയും ഏഴടിയോളം വെള്ളം ഉയര്‍ന്നാല്‍ മാത്രമാണ് പരമാവധി സംഭരണ ശേഷിയിലേയ്ക്ക് എത്തുക. അതും ഇനി തുലാവര്‍ഷ മഴ ലഭിച്ചാല്‍ മാത്രം.












Click it and Unblock the Notifications