ഇടുക്കി: പട്ടയമില്ലാത്തത് ലൈഫ് പദ്ധതിയെ പ്രതികൂലമായി ബാധിച്ചു, പ്രതിസന്ധിയിലായത് 87 കുടുംബങ്ങള്‍
അടിമാലി: പട്ടയത്തിന്റെ അപര്യാപ്തത ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ പഞ്ചായത്തിലെ ലൈഫ് പദ്ധതിയുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പരാതി. പഞ്ചായത്തിലെ 159 ഗുണഭോക്താക്കളില്‍ 87 പേരാണ് പട്ടയമില്ലാത്തതിന്റെ പേരില്‍ പ്രതിസന്ധിയിലായിട്ടുള്ളത്.പട്ടയമില്ലെങ്കില്‍ കൈവശരേഖ സമര്‍പ്പിച്ചാല്‍ മതിയെന്ന ഉത്തരവ് ഉണ്ടെങ്കിലും നിര്‍മ്മാണ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പള്ളിവാസലില്‍ ഭവനരഹിതര്‍ക്ക് പട്ടയമില്ലായ്മ തിരിച്ചടിയാകുന്നു.
പള്ളിവാസല്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ നിര്‍മ്മാണ നിയന്ത്രണമാണ് ലൈഫ് പദ്ധതിയുടെ കാര്യത്തിലും പ്രദേശത്തെ ഭവന രഹിതര്‍ക്ക് തിരിച്ചടിയായിട്ടുള്ളത്. മറ്റ് പഞ്ചായത്തുകളില്‍ പട്ടയമില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിയോ വില്ലേജ് ഓഫീസറോ നല്‍കുന്ന അനുമതിപത്രമുപയോഗിച്ച് ഗുണഭോക്താക്കള്‍ക്ക് കരാര്‍ നടപടികളില്‍ ഏര്‍പ്പെടാമെന്നിരിക്കേ നിര്‍മ്മാണ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള വില്ലേജുകളില്‍ കൈവശരേഖ ഹാജരാക്കിയാല്‍ മാത്രമേ കരാറില്‍ ഒപ്പ് വയ്ക്കാനാകു.അസൈന്‍മെന്റ് കമ്മറ്റി കൂടാത്തതിനാല്‍ ദേവികുളം താലൂക്കില്‍ നിന്നും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടുംബങ്ങള്‍ക്ക് കൈവശരേഖ ലഭിക്കാന്‍ ഉണ്ടായിട്ടുള്ള കാലതാമസമാണ് പരാതിക്ക് ഇടവരുത്തിയിട്ടുള്ളത്.

കൈവശരേഖ ലഭിക്കുന്നതിനായി കുടുംബങ്ങള്‍ വില്ലേജില്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിക്കുകയും അവ താലൂക്കിലേക്ക് കൈമാറുകയും ചെയ്തിട്ടുള്ളതാണ്.എന്നാല്‍ താലൂക്കില്‍ അസൈന്‍മെന്റ് കമ്മറ്റി ചേരാത്തതാണ് തുടര്‍ നടപടിക്ക് കാലതമാസം വരുത്തിയിട്ടുള്ളത്.കഴിഞ്ഞ പട്ടയ വിതരണത്തിന് ശേഷം നാളിതു വരെ അസൈന്‍മെന്റ് കമ്മറ്റി ചേരാന്‍ നടപടിയുണ്ടായിട്ടില്ലെന്ന ആക്ഷേപവും പരാതിക്കാര്‍ മുമ്പോട്ട് വയ്ക്കുന്നുണ്ട്.31 പേര്‍ക്ക് പള്ളിവാസല്‍ പഞ്ചായത്തില്‍ പദ്ധതിയുടെ ആദ്യഗഡു വിതരണം ചെയ്തെന്നിരിക്കെ കൈവശ രേഖ നല്‍കി തങ്ങള്‍ക്ക് കൂടി പദ്ധതിയുടെ ഭാഗമാകാനുള്ള അവസരമൊരുക്കണമെന്ന ആവശ്യമാണ് കുടുംബങ്ങള്‍ മുമ്പോട്ട് വയ്ക്കുന്നത്.












Click it and Unblock the Notifications