പന്നിയാര്‍ പെന്‍സ്റ്റോക് ദുരന്തം ഓര്‍മകളിലൂടെ... ദുരന്തത്തിന്റെ അവശേഷിപ്പുകള്‍ക്ക് 11 വയസ്
2007 സെപ്റ്റംബര്‍ 17 , സമയം വൈകുന്നേരം നാലര ! മുതിരപുഴയാറിലെ വെള്ളത്തിന്റെ ഇടകലര്‍ന്ന ശബ്ദത്തിനൊപ്പം ചെറിയൊരു ഉച്ചമയക്കത്തിലായിരുന്നു അന്ന്.വലിയൊരു ശബ്ദം മയക്കത്തില്‍ നിന്ന് പെട്ടന്ന് ഞാന്‍ ഉണര്‍ന്നു. ആളുകള്‍ ഓടികൂടുന്നത് കണ്ടതോടെ ആ ഭീതീജനകമായ ആ കാഴ്ചയുടെ ഉറവിടം തേടി ഞാനും ആ ആള്‍കൂട്ടത്തിനൊപ്പം ചേര്‍ന്നു. അവിടെ കൂടി നിന്നവര്‍ പറഞ്ഞു.

ഉരുള്‍പൊട്ടലോ ഭൂമികുലുക്കമോ...
ഉരുള്‍പൊട്ടിയാതാണ്, അല്ല ഭൂമികുലുക്കമാണ്... നിമിഷങ്ങള്‍ക്കകം പെന്‍സ്റ്റോക് പൊട്ടിയൊഴികിയെത്തിയ വെള്ളപാച്ചില്‍ മലകളിടിച്ചുകൊണ്ട് താഴേ മുതിരപ്പുഴയാറ്റിലേക്ക് പതിച്ചു തുടങ്ങി. പള്ളികളില്‍ നിന്നും അപകട സൂചന നല്‍കി മണിമുഴക്കം കേട്ടു. പതിനഞ്ചുമിനിറ്റിനു ശേഷം വെള്ളത്തൂവലില്‍ നിന്നും എത്തിയ അയല്‍വാസികളായ ചിലര്‍ പറഞ്ഞു പവര്‍ഹൗസിന്റെ ആനപൈപ്പ് പൊട്ടിതാ! ആ വെള്ളം അതിഭീകരമായ അവസ്ഥയില്‍ ഒഴുകികൊണ്ടിരിക്കുകയായിരുന്നു ആ സമയവും.

സ്കൂള്‍ പിടിഎ തുണച്ചു
അന്ന് സ്‌കൂള്‍ പി റ്റി എ ആയിരുന്നതുകൊണ്ട് ഞങ്ങള്‍ എല്ലാവരും ഉച്ചയോടെ തന്നെ വീടുകളിലേക്ക് മടങ്ങിയിരുന്നു. അതല്ലായിരുന്നെങ്കില്‍ ആ വെള്ളപാച്ചില്‍ കൂടുതല്‍ ദുരന്തകാഴ്ചകളിലേക്ക് വെള്ളത്തൂവല്‍ എന്ന ഗ്രാമത്തെ തള്ളിവിടുമായിരുന്നു. സമയം അപ്പോള്‍ ആറുമണിയോടടുത്തിരുന്നു. വെള്ളത്തിനെ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായി ചിലര്‍ പറഞ്ഞു. പന്നിയാര്‍ പവര്‍ഹൗസിന്റെ തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന ചെങ്കുളം പവര്‍ഹൗസിലെ ചില ജീവനക്കാര്‍ നിലക്കാതെ ഒഴുകികൊണ്ടിരുന്ന വെള്ളത്തിനെ നിശ്ചലമാക്കുകയെന്ന ദൗത്യത്തിനായി മലക്കയറിയിരുന്നു അപ്പോള്‍.പന്നിയാര്‍ പവര്‍ ഹൗസിന്റെഭാഗമായിരുന്ന വാല്‍വുഹൗസില്‍ അവര്‍ അവരുടെ ശ്രമങ്ങള്‍ ആരംഭിച്ചു.

വെള്ളം ഗതിമാറിയൊഴുകി
എന്നാല്‍ വിധി നിശ്ചയം മറ്റൊന്നായിരുന്നു. അല്‍പസമയത്തിനുള്ളില്‍ വെള്ളം പെട്ടന്നു നിന്നു. ഏറെപേരും ആശ്വാസകരമായ ആ നിമിഷങ്ങളിലേക്ക് കണ്ണോടിച്ചു. എന്നാല്‍ വലിയൊരു ശബ്ദത്തോടെ വെള്ളം ഗതിമാറിയൊഴുകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇരുഭാഗങ്ങളില്‍ നിന്നുമായി വെള്ളത്തിന്റെ പ്രവാഹം വലിയ അളവില്‍ കൂടുതല്‍ ഭാഗങ്ങള്‍ കവര്‍ന്നെടുത്തു. ആളുകള്‍ ജീവന്‍ രക്ഷിക്കുന്നതിനായി നെട്ടോട്ടമോടി. അധികം വൈകാതെ ആളുകളെ പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റി. പിന്നീടുള്ള വിവരങ്ങളെല്ലാം ദൃശ്യമാധ്യമങ്ങളിലൂടെയായിരുന്നു പുറംലോകമറിഞ്ഞത്. എട്ടുപേര്‍ വാല്‍വുഹൗസില്‍ കുടുങ്ങിയിരിക്കുന്നു എന്ന വാര്‍ത്ത വെള്ളത്തൂവല്‍ എന്ന നാടിനെ ഇരുട്ടിലേക്ക് തള്ളിയിട്ടുകൊണ്ടാണ് പുറത്തേക്കെത്തിയത്.

ബട്ടര്‍ഫ്ലൈ വാല്‍വ് തകര്‍ന്നു
ജീവനക്കാര്‍ പെന്‍സ്റ്റോക് പൈപ്പുകളിലേക്കു കടത്തി വിടുന്ന ജലവിതരണ സംവിധാനം ബ്ലോക്ക് ചെയ്യുന്നതിനുള്ള ശ്രമത്തിനിടിയില്‍ മര്‍ദം താങ്ങാന്‍ കഴിയാതെ വാല്‍വ് ഹൗസിലെ ബട്ടര്‍ഫ്‌ളൈ വാല്‍വും തകരുകയായിരുന്നു.ഇതോടെ ജീവനക്കാരെയെല്ലാം കറക്കിയെടുത്താണ് വാല്‍വുഹൗസില്‍ നിന്നും വെള്ളം ദിശമാറി ഒഴുകി തുടങ്ങിയത്. അന്ന് സംഘത്തിനൊപ്പം ഉണ്ടായിരുന്ന ജോര്‍ജ് ജോസഫ് എന്ന ജീവനക്കാരനാണ് സഹപ്രവര്‍ത്തകര്‍ വാല്‍വു ഹൗസില്‍ അകപ്പെട്ട വിവരം പുറംലോകത്തോട് പറഞ്ഞത്. പനിതളര്‍ത്തിയ ശരീരത്തിന് മറ്റുള്ളവരുടെ വേഗതക്കൊപ്പം എത്താന്‍ സാധിക്കാതെ വന്നപ്പോള്‍ ജോസഫ് ജോര്‍ജ് എന്ന ജീവനക്കാരന്‍ മാത്രം ആ വലിയ അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപെടുകയായിരുന്നു.

മണിക്കൂറുകള്‍ നീണ്ട ശ്രമം
മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ പന്നിയാര്‍ പവര്‍ഹൗസിലേക്ക് വൈദ്യുതി ഉദ്പാദനത്തിനായി വെള്ളം എത്തിക്കുന്ന പൊന്‍മുടി അണക്കെട്ടിലെ ജലവിതരണ സംവിധാനങ്ങള്‍ നിശ്ചലമാക്കി. വെള്ളം നിലച്ചതോടെ വാല്‍വുഹൗസില്‍ അകപ്പെട്ട കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. ഉദ്യോഗസ്ഥരുടെ ജീവന്‍ രക്ഷിക്കാനുള്ള യാതൊരു സാധ്യതകളും അവിടെ അവശേഷിച്ചിരുന്നില്ല. സമയം വൈകുംതോറും കൂടുതല്‍ മരണവാര്‍ത്തകള്‍ സ്ഥിരീകരിച്ചു. കൊരട്ടി കരയാംപറമ്പില്‍ എ.എല്‍.ജോസ്, വെള്ളത്തൂവല്‍ പുത്തന്‍പുരയ്ക്കല്‍ റെജി, തോക്കുപാറ സ്വദേശി മാക്കല്‍ ജോബി, ശല്യാംപാറ തൊണ്ടിനേത്ത് ഷിബു, പന്നിയാര്‍കുട്ടി കാനത്തില്‍ സണ്ണി, നെടിയശാല വാഴപ്പിള്ളി സ്വദേശി ജോമറ്റ് ജോണ്‍, കുറുപ്പുംതറ സ്വദേശി ജിയോ സേവ്യര്‍, നാരകക്കാനം സ്വദേശി ജെയ്‌സണ്‍ എന്നിവരാണ് അന്നത്തെ അപകടത്തില്‍ മരിച്ചത്. പെന്‍സ്റ്റോക്ക് പൈപ്പ് പൊട്ടിയതോടെ ജെയ്‌സണ്‍ എന്ന ജീവനക്കാരന്റെ മൃതദേഹം മാത്രം കണ്ടെത്താന്‍ പിന്നീടുള്ള ദിവസങ്ങളിലൊന്നും സാധിച്ചിരുന്നില്ല.

പന്നിയാര്‍ വൈദ്യുതി നിലയില്‍ ചെളിയില്‍ പുതഞ്ഞു
തൊട്ടടുത്ത പ്രഭാതത്തില്‍ ആ പ്രദേശം മുഴുവന്‍ ചെളിയില്‍ കുതിര്‍ന്നു. പന്നിയാര്‍ എന്ന വൈദ്യുതി നിലയം ചിത്രങ്ങളില്‍പൊലും ഇല്ലാത്തതുപോലെ ചെളിയില്‍ മൂടപ്പെട്ടിരുന്നു അന്ന് . അയല്‍വാസിയായ ഷിബുചേട്ടന്റെ മരണവാര്‍ത്ത എന്നെയും ഏറെ വേദനിപ്പിച്ചിരുന്നു. ഇരട്ടകുട്ടികളുടെ അച്ഛന്‍ എന്ന് ഇടക്കിടെ അദ്ദേഹത്തെ നോക്കി പറഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് കടുന്നുപോകുന്ന ദിവസങ്ങള്‍ പതിനൊന്നു വര്‍ഷത്തിനുശേഷവും ഓര്‍ക്കുന്നു. ആ ദിവസത്തിന്റെ ഓര്‍മകളിലാണ് വെള്ളത്തൂവല്‍ എന്ന ഗ്രാമം ഇന്ന്. പലരും അതുവരെ പരിചയമില്ലാതിരുന്ന ആ അപകടകാഴ്ചകളുടെ നേര്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു. ഇനിയൊരു പന്നിയാര്‍ദുരന്തംകൂടി ആവര്‍ത്തിക്കാതിരിക്കട്ടെ എന്നുമാത്രമാണ് ഇവരും ആഗ്രഹിക്കുന്നത്.












Click it and Unblock the Notifications