പനി മരണം: പ്ലാമലക്കുടിയില്‍ ജാഗ്രത നിര്‍ദ്ദേശം... മെഡിക്കല്‍ സംഘം പരിശോധനകള്‍ ആരംഭിച്ചു
തൊടുപുഴ: അടിമാലിയിലെ ആദിവാസി മേഖലകളില്‍ പനി മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി ജില്ലാഭരണകൂടം. കളക്ട്രേറ്റില്‍ ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ ജില്ലയിലെ പനിബാധിത മേഖലകളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ചര്‍ച്ച ചെയ്തു.
പ്ലാമലക്കുടി മേഖലയില്‍ ഒരാഴ്ചക്കാലം മെഡിക്കല്‍ സംഘം ആരോഗ്യ ജാഗ്രത ക്യാമ്പ് നടത്തുമെന്ന് ഇടുക്കി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമീപത്തുള്ള 27 ആദിവാസി കുടികളിലും രണ്ടാഴ്ചക്കുള്ളില്‍ മെഡിക്കല്‍ സംഘം ജാഗ്രതക്യാമ്പയിന്‍ നടത്തുമെന്നും ഡി എം ഒ വ്യക്തമാക്കി. പ്ലാമലക്കുടി ആദിവാസി കോളനിയില്‍ അടുത്തടുത്ത ദിവസങ്ങളില്‍ രണ്ടുപേര്‍ പനിബാധിച്ച് മരിച്ചിരുന്നു.

പനി നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ഡെപ്യൂട്ടി ഡി എം ഒ ഡോ.സുഷമയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം പ്ലാമലക്കുടിയില്‍ സന്ദര്‍ശനം നടത്തി; സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തര ചികിത്സ സഹായങ്ങള്‍ പ്രദേശവാസികള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായി പത്തംഗ സംഘം പ്ലാമലക്കുടിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
ജില്ല ഹെല്‍ത്ത് ഓഫീസര്‍ വിനോദ് കെ എന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ വി എന്‍ പീതാംബരന്‍, ദേവിയാര്‍ പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ സ്മിതമോള്‍, നേഴ്‌സുമാര്‍, ആശാ പ്രവര്‍ത്തകര്‍മാര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പരിശോധനകള്‍ നടത്തി കുടിനിവാസികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നത്. നിലവില്‍ പനിബാധിച്ച് അടിമാലി താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന നാലുപേരുടെ നിലമെച്ചപ്പെട്ടതായും നിലമെച്ചപ്പെട്ടങ്കിലും ഒരാഴ്ചക്കൂടി ഇവര്‍ നിരീക്ഷണത്തിലായിരിക്കുമെന്നും അടിമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. സത്യബാബു അറിയിച്ചു.












Click it and Unblock the Notifications