മലങ്കര ടൂറിസം പദ്ധതി ഒക്ടോബര്‍ രണ്ടിന് പ്രവര്‍ത്തനം ആരംഭിക്കും...
തൊടുപുഴ: ജില്ലയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് മറ്റൊരു നാഴികക്കല്ലായി മലങ്കര ടൂറിസം പദ്ധതി ഒക്ടോബര്‍ രണ്ടിന് പ്രവര്‍ത്തനം ആരംഭിക്കാന്‍ ബന്ധപ്പെട്ട അധികൃതരുടെ യോഗം തീരുമാനിച്ചു. ജലസേചന വകുപ്പിന്റെയും ഡിറ്റി പി സി യുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇത് സംബന്ധിച്ച് ഇന്നലെ എം വി ഐവി ഐബി യില്‍ ജില്ലാ കലക്ടര്‍ ജീവന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പി ജെ ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
മലങ്കര ടൂറിസം പദ്ധതിയുടെ ഭാഗമായ പാര്‍ക്കിന്റെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് നടത്തുന്നതിനും കുട്ടികളുടെ കളി ഉപകരണങ്ങള്‍ സംരക്ഷണ വേലി, ലൈറ്റിംഗ് അറേഞ്ച്‌മെന്റുകള്‍ എന്നിവ ഉടനെ പൂര്‍ത്തിയാക്കുന്നതിനും യോഗം നിര്‍ദ്ദേശം നല്‍കി.ഡി റ്റി പി സി നിര്‍വാഹക സമിതി തീരുമാന പ്രകാരം മാനേജ്‌മെന്റ് കമ്മിറ്റിക്ക് 15 ലക്ഷം രൂപ നല്‍കും.

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന എന്‍ട്രന്‍സ് പ്ലാസ ആഗസ്റ്റ് 31 ന് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഡി റ്റി പി സിക്ക് കൈമാറുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ഉദ്യോഗസ്ഥ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications