കുട്ടിക്കര്‍ഷകര്‍ക്ക് സഹായഹസ്തം; ജയറാമിന് പിന്നാലെ സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടിയും പൃഥ്വിയും
ഇടുക്കി: തൊടുപുഴ വെള്ളിയാമറ്റത്ത് 20 ഓളം പശുക്കള്‍ ചത്തതിന് പിന്നാലെ ഉടമകളായ കുട്ടിക്കര്‍ഷകര്‍ക്ക് വീണ്ടും സഹായ വാഗ്ദാനങ്ങള്‍. കഴിഞ്ഞ ദിവസമാണ് കുട്ടിക്കര്‍ഷകരായ ജോര്‍ജു കുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കള്‍ ചത്തത്. കപ്പത്തൊണ്ട് കഴിച്ചതായിരുന്നു മരണ കാരണം. സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ക്ഷീരകര്‍ഷകരാണ് ജോര്‍ജുകുട്ടിയും മാത്യുവും.
പിതാവ് മരിച്ചതോടെയാണ് 18 ഉം 15 ഉം വയസുള്ള കുട്ടികള്‍ അദ്ദേഹത്തിന്റെ പശുവളര്‍ത്തല്‍ ഏറ്റെടുത്തത്. പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവം വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ നടന്‍ ജയറാമാണ് മാത്യുവിനും ജോര്‍ജുകുട്ടിക്കുമുള്ള ആദ്യ സഹായവുമായി എത്തിയത്. പുതിയ ചിത്രമായ ഓസ്ലറിന്റെ ട്രെയിലര്‍ ലോഞ്ചിന് വേണ്ടി മാറ്റിവച്ച പണമാണ് ജയറാം ഇന്ന് രാവിലെ തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടി കര്‍ഷകര്‍ഷകരുടെ വീട്ടിലെത്തി കൈമാറിയത്.

മാത്യുവും കുടുംബവും അനുഭവിച്ച സമാന അവസ്ഥ തനിക്കും ഉണ്ടായിട്ടുണ്ടെന്നം താന്‍ വളര്‍ത്തിയ പശുക്കള്‍ നേരെത്തെ സമാനമായ രീതിയില്‍ ചത്തിരുന്നു എന്നും ജയറാം പറഞ്ഞു. നഷ്ടപ്പെടുന്ന വേദന വലുതാണ് എന്നും താനും ഭാര്യയും ഏറ്റവും കരഞ്ഞത് പശുക്കള്‍ ചത്തപ്പോഴാണെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. സിനിമാ ലോകത്ത് നിന്ന് കൂടുതല്‍ സഹായം കുട്ടിക്കര്‍ഷകര്‍ക്ക് ലഭിക്കും എന്നും അദ്ദേഹം ഉറപ്പ് നല്‍കി.
നടന്‍മാരായ മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനുമാണ് കുട്ടികളെ സഹായിക്കാന്‍ മുന്നോട്ട് വന്നിരിക്കുന്നത്. കുട്ടിക്കര്‍ഷകര്‍ക്ക് മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നല്‍കും എന്ന് വാഗ്ദാനം ചെയ്തതായി ജയറാം വ്യക്തമാക്കി. രണ്ടുപേരും പ്രത്യേക ദൂതന്‍ വഴി ഇന്ന് വൈകിട്ട് തന്നെ പണം കുട്ടികള്‍ക്ക് കൈമാറിയേക്കും എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരും കുട്ടികള്‍ക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുണ്ട്.
മാത്യുവിനും ജോര്‍ജുകുട്ടിക്കും സഹായഹസ്തവുമായി മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും ഇവരുടെ വീട്ടിലെത്തി. മാത്യുവിന് ഇന്‍ഷുറന്‍സ് പരിരക്ഷയോടെ അഞ്ച് പശുക്കളെ ഉടന്‍ കൈമാറുമെന്ന് ചിഞ്ചുറാണി അറിയിച്ചു. ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവിച്ചത് വന്‍ ദുരന്തമാണ് എന്നും സര്‍ക്കാര്‍ മാത്യുവിനും കുടുംബത്തിനും ഒപ്പമുണ്ട് എന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
കുടുംബത്തിന് അടിയന്തര സഹായമായി മില്‍മ 45000 രൂപ നല്‍കും. നാളത്തെ മന്ത്രിസഭ യോഗത്തില്‍ വിഷയം അവതരിപ്പിക്കും. കൂടുതല്‍ സഹായം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. ഇവരുടെ അവശേഷിക്കുന്ന അഞ്ച് പശുക്കളുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications