ഇടുക്കിയിലെ ക്ഷേത്രത്തില്‍ വന്‍ മോഷണം; സിസിടിവി അടക്കം കൊണ്ടുപോയി കള്ളന്‍
ഇടുക്കി: ജില്ലയിലെ നെടുങ്കണ്ടം കല്ലാര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ വന്‍ മോഷണം. കാണിക്ക വഞ്ചികളും അലമാരയും കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കള്ളന്‍ ക്ഷേത്രത്തിലെ സി സി ടി വിയും മോഷ്ടിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
ശ്രീകോവില്‍ കുത്തി തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. പ്രധാന കാണിക്ക വഞ്ചി ഉള്‍പ്പെടെ നാല് കാണിക്ക വഞ്ചികളാണ് കുത്തിത്തുറന്നത്. കമ്പി ഉപയോഗിച്ചാണ് കാണിക്ക വഞ്ചിയും മറ്റും മോഷ്ടാവ് കുത്തി തുറന്നത്. ഇതിനായി ഉപയോഗിച്ച കമ്പി സമീപത്ത് നിന്നും കണ്ടെത്തി.

ക്ഷേത്രം ഓഫീസിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും അപഹരിച്ചു. ഇതിന് ശേഷം ക്ഷേത്രത്തിലെ സി സി ടി വി ക്യാമറകളും മോണിറ്ററും ഹാര്‍ഡ് ഡിസ്‌കും അപഹരിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ മോഷണം നടന്നിട്ടുണ്ട് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം കല്ലാര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ഠി ആഘോഷം നടന്നിരുന്നു. ഇതില്‍ നിന്നും കാണിക്കയായി ലഭിച്ച പണം മുഴുവന്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications