രണ്ടാനച്ഛന്റെ ഉപദ്രവം; 16കാരി രാത്രി ഇറങ്ങിയോടി സ്‌കൂളില്‍ അഭയം തേടി, നാട്ടുകാര്‍ ഇടപെട്ടു
ഇടുക്കി: രണ്ടാനച്ഛന്റെ തുടര്‍ച്ചയായ ഉപദ്രവം കാരണം പെണ്‍കുട്ടി താമസസ്ഥലത്ത് നിന്ന് ഇറങ്ങിയോടി സ്‌കൂളില്‍ അഭയം തേടി. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു. രാജകുമാരിയിലെ ബൈസണ്‍വാലി സ്‌കൂളിന് അടുത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് 16കാരിയെ കണ്ടെത്തിയത്. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ മാമലകണ്ടം സ്വദേശിനിയാണ് പെണ്‍കുട്ടി.

ബൈസണ്‍വാലിയിലെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് മാതാവും രണ്ടാനച്ഛനും ജോലി ചെയ്യുന്നത്. ഇവിടെ ജോലി ചെയ്യാന്‍ നിര്‍ബന്ധപൂര്‍വം പെണ്‍കുട്ടിയെ ഇടുക്കിയിലെത്തിക്കുകയായിരുന്നു. വരില്ലെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍വച്ച് മര്‍ദ്ദിച്ചു. ശേഷം വാഹനത്തില്‍ വച്ചും താമസസ്ഥലത്ത് എത്തിയ ശേഷവും മര്‍ദ്ദനം തുടര്‍ന്നു. അപ്പോഴാണ് ഇറങ്ങിയോടിയതെന്ന് പെണ്‍കുട്ടി നാട്ടുകാരോട് പറഞ്ഞു.
തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. രാജാക്കാട് എസ്എച്ച്ഒ എച്ച്എല്‍ ഹണിയുടെ നേതൃത്വത്തില്‍ പോലീസെത്തി പെണ്‍കുട്ടിയെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം തൊഴിലുടമയെ അറിയിക്കുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതിന് പോലീസ് രണ്ടാനച്ഛനെതിരെ കേസെടുക്കുമെന്നാണ് വിവരം. മാതാവിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും.


Click it and Unblock the Notifications