ഇടുക്കിയില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു; വ്യാപക കൃഷിനാശം
ഇടുക്കി: ഇടുക്കിയില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു. ചിന്നക്കനാല്‍, ശാന്തന്‍പാറ,മൂന്നാര്‍ പഞ്ചായത്തുകളില്‍ ജനവാസമേഖലകളില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. ആറ് ആനകളാണ് കൂട്ടമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊഴിപ്പനക്കുടിയിലെത്തിയ കാട്ടാനക്കൂട്ടം ഏക്കര്‍ കണക്കിന് ഏലക്കൃഷി നശിപ്പിച്ചു. കൊഴിപ്പനക്കുടി രാജയ്യ, ജയകുമാര്‍ എന്നിവരുടെ കൃഷിയാണ് നശിച്ചത്.
ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ ശങ്കരപാണ്ഡ്യന്‍മെട്ട്, ചൂണ്ടല്‍ മേഖലകളിലും കാട്ടാനക്കൂട്ടം എത്തി നാശനഷ്ടം ഉണ്ടാക്കിയിരുന്നു. ഒരു മാസത്തിനിടെ 100 ഏക്കറിന് മുകളില്‍ ഏലകൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഏലത്തിന് വില കൂടിയിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഇത്.

കാട്ടുകൊമ്പന്‍ പടയപ്പ മേഖലയില്‍ സ്ഥിരം താവളമായിരുന്ന മൂന്നാര്‍ കല്ലാറിലെ മാലിന്യസംസ്‌കരണ പ്ലാന്റിന് സമീപത്തും ഇപ്പോള്‍ കാട്ടാനകളുടെ സാന്നിധ്യമുണ്ട്. മാലിന്യസംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് പോലും ഭീഷണിയാകുന്ന തരത്തിലാണ് ഇവയുടെ സാന്നിധ്യം. മാലിന്യസംസ്‌കരണ പ്ലാന്റിന് സമീപത്തുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് നേരത്തെ പരിക്കേറ്റിരുന്നു.
അതേസമയം മൂന്നാറിലെ ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ദൗത്യം വനം വകുപ്പ് തുടരുകയാണ്. ആനമുടിച്ചോല റിസര്‍വിലേക്ക് ആനകളെ എത്തിക്കാന്‍ മൂന്നാര്‍ ഡി എഫ് ഒയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. ഓരോ തവണയും വന്യമൃഗങ്ങളുടെ ആക്രമണം മൂലം ലക്ഷങ്ങളുടെ കൃഷി നാശമാണ് ഉണ്ടാകുന്നത്. വാഴ, കരിമ്പ്, കുരുമുളക്, റബര്‍, തെങ്ങ്, ഏലം എന്നീ വിളകളെല്ലാം കാട്ടാനക്കൂട്ടം നശിപ്പിക്കുകയാണ്.
ബാങ്കില്‍ നിന്ന് ലോണെടുത്തും കടം വാങ്ങിയും കൃഷി ചെയ്യുന്ന കര്‍ഷകരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഇത്. പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം, പ്ലാന്റില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണം എന്നീ ആവശ്യങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications