കൂട്ടുകാരന്റെ അമ്മയെ പീഡിപ്പിച്ചു, പുറത്തിറങ്ങിയാല്‍ ആക്രമണം ഉറപ്പ്; കൊടുംകുറ്റവാളി ആന അഭിലാഷ് പിടിയില്‍
കട്ടപ്പന: കുപ്രസിദ്ധ കുറ്റവാളി പോത്തന്‍ അഭിലാഷ് എന്ന ആന അഭിലാഷ് പൊലീസ് പിടിയില്‍. ബലാത്സംഗം, മോഷണം, കൊലപാതകം, കൊലപാതകശ്രമം തുടങ്ങി നിരവധി കേസിലെ പ്രതിയാണ് കട്ടപ്പന അമ്പല കവല കാവുംപടി ഭാഗത്ത് മഞ്ഞാങ്കല്‍ വീട്ടില്‍ അഭിലാഷ്. കാപ്പ നിയമപ്രകാരം ആണ് അഭിലാഷിനെ പിടികൂടി ജയിലില്‍ അടച്ചത്. വളരെ ചെറുപ്പം തൊട്ടേ കുറ്റവാസന കാണിക്കുന്ന പ്രകൃതക്കാരനാണ് അഭിലാഷ്.
2009 ല്‍ സ്വന്തം കൂട്ടുകാരന്റെ അമ്മയെ ബലാത്സംഗം ചെയ്ത അഭിലാഷ് പിന്നീട് ബന്ധുക്കളോടും അയല്‍വാസികളോടും അകാരണമായി പക സൂക്ഷിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. കൂട്ടുകാരന്റെ അമ്മയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു അഭിലാഷ്. കൂട്ടുകാരന്റെ സഹായത്തോടെ ആയിരുന്നു ഇത്. വേറെയും സ്ത്രീകളെ മാനഭംഗപ്പെടുത്താനും ദേഹോപദ്രവം ഏല്‍പ്പിക്കാനും ഇയാള്‍ ശ്രമിച്ചിട്ടുണ്ട്.

2013 ല്‍ ഭാര്യയുടെ പിതാവിനെ വീട്ടില്‍ കയറി യാതൊരു പ്രകോപനവും ഇല്ലാതെ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. 2018 ല്‍ സ്വന്തം അമ്മയുടെ അനുജത്തിയേയും അവരുടെ മകളേയും യാതൊരു പ്രകോപനവും കൂടാതെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. 2018 ല്‍ കാപ്പ നിയമപ്രകാരം അഭിലാഷ് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് അയല്‍വാസിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഷാജിയേയും ആക്രമിച്ചു.
ഇയാള്‍ ഇപ്പോള്‍ ഒരു വശം തളര്‍ന്ന് കിടപ്പിലാണ്. ഈ കേസില്‍ ഒരു വര്‍ഷത്തോളം ഒളിവിലായിരുന്നു അഭിലാഷ്. പിന്നീട് പളനിയില്‍ നിന്ന് അഭിലാഷിനെ പിടികൂടിയെങ്കിലും വീണ്ടും ജാമ്യത്തിലിറങ്ങി. പിന്നീട് തന്റെ സഹോദരിയോടായിരുന്നു ഇയാളുടെ ആക്രമണം. വീട്ടില്‍ കയറി സഹോദരിയെ ആക്രമിച്ച ഇയാള്‍ സഹോദരിയുടെ 17 വയസുള്ള മകനെ കൊലപ്പെടുത്താനും ശ്രമിച്ചു.
ഈ സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇതിനിടെ ആണ് അതിസാഹസികമായി അഭിലാഷിനെ പൊലീസ് പിടികൂടിയത്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അഭിലാഷിനെ പിടികൂടുന്നത്. ഇടുക്കി ശാന്തന്‍പാറ കെ ആര്‍ വിജയ എസ്റ്റേറ്റില്‍ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
അതിവിദഗ്ധമായി ഏലക്കാടുകള്‍ക്കിടയിലൂടെ ഓടിച്ചിട്ടാണ് പൊലസ് അഭിലാഷിനെ പിടികൂടിയത്. ഓരോ കേസിലും അകപ്പെട്ട് ജയില്‍വാസം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ സമീപവാസികള്‍ പേടിയോടെ ആണ് കഴിഞ്ഞിരുന്നത്. ആക്രമണം ഭയന്ന് വൈകിട്ട് ആറ് മണിക്ക് ശേഷം സമീപവാസികളായ ആളുകള്‍ ആരും തന്നെ വീടിനു പുറത്തിറങ്ങുമായിരുന്നില്ല. സ്വന്തം ബന്ധുക്കളെ പോലും ആക്രമിക്കുന്ന സ്വഭാവക്കാരനായതിനാല്‍ വീട്ടുകാര്‍ക്കും ഭയമായിരുന്നു.
ജയിലില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയശേഷം ആക്രമിക്കും എന്നുള്ളതിനാല്‍ ഇയാള്‍ക്കെതിരെ സാക്ഷി പറയാനും പോലും ആളുകള്‍ക്ക് ഭയമാണ്. പ്രദേശവാസികള്‍ ഇയാളെ പേടിച്ച് വീട് ഉപേക്ഷിച്ചുപോകുന്ന സ്ഥിതി വരെ ഉണ്ടായിരുന്നു. നിലവില്‍ ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് അയച്ചത്. കൊലപാതകശ്രമം, കൊലപാതകം ഉള്‍പ്പെടെയുള്ള എല്ലാ കേസുകളുടെയും ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications