മണ്ഡലകാലത്തിന് ദിവസങ്ങള്‍ മാത്രം; അസൗകര്യങ്ങളില്‍ വീര്‍പ്പമുട്ടി സത്രം ഇടത്താവളം
ഇടുക്കി: മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. എന്നാല്‍ അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ് വണ്ടിപെരിയാര്‍ സത്രം കാനന പാത. ശബരിമല സന്നിധാനത്തിലേക്ക് പോകാനുള്ള ഏറ്റവും ദൂരക്കുറവുള്ള പുല്ലുമേട് കാനന പാതയിലാണ് സത്രം സ്ഥിതി ചെയ്യുന്നത്. തീര്‍ഥാടന കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സത്രത്തില്‍ മുന്നൊരുക്കങ്ങളൊന്നും തുടങ്ങിയിട്ടില്ല.
2011 ജനുവരി 14ന് പുല്ലുമേട് ദുരന്തമുണ്ടായത് ഈ പാതക്ക് സമീപമായിരുന്നു. കഴിഞ്ഞ തീര്‍ഥാടനകാലത്ത് അഞ്ച് ശബരിമല ഭക്തന്‍മാരാണ് ഇവിടെ ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ചത്. തീര്‍ത്ഥാടനകാലം ആരംഭിക്കുമ്പോള്‍ തന്നെ വേണ്ടത്ര ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സംവിധാനങ്ങള്‍ സജ്ജമാക്കണം എന്നാണ് തീര്‍ത്ഥാടകരുടെ ആവശ്യം.

രണ്ട് വര്‍ഷം മുമ്പ് അന്നത്തെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ സത്രം സന്ദര്‍ശിച്ചിരുന്നു. അന്ന് തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. മാത്രമല്ല സത്രം പ്രധാന ഇടത്താവളമാക്കുമെന്നും പറഞ്ഞിരുന്നു. സത്രത്തില്‍ നിന്ന് കൊടുംകാട്ടിലൂടെ 12 കിലോ മീറ്റര്‍ സഞ്ചരിച്ചാലാണ് സത്രത്തില്‍ എത്താനാകുക. തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരും തമിഴ്‌നാട്, ആന്ധ്ര സ്വദേശികളും സന്നിധാനത്തെത്താന്‍ ഈ വഴിയാണ് ആശ്രയിക്കുന്നത്.
വണ്ടിപ്പെരിയാറില്‍ നിന്ന് അരണക്കല്ല് വഴി സത്രം വരെ ഏകദേശം 12 കിലോ മീറ്ററോളം ദൂരം വാഹനങ്ങള്‍ പോകും. എന്നാല്‍ അയ്യപ്പ ഭക്തരെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം പോലും ഇവിടെയില്ല. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഏക്കര്‍ കണക്കിന് സ്ഥലം വെറുതെ കിടക്കുന്നുണ്ട്. ഇത് പാര്‍ക്കിംഗിനായി ഉപയോഗിക്കണം എന്ന ആവശ്യവും ശക്തമാണ്. ശുചിമുറിയും ദൗര്‍ലഭ്യവും സത്രം നേരിടുന്നുണ്ട്.
ദേവസ്വം ബോര്‍ഡിന്റെ അഞ്ച് ശുചിമുറികളാണ് ഇവിടെയുള്ളത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് താല്‍ക്കാലികമായി 20 ശുചിമുറികള്‍ പണിത് നല്‍കിയിട്ടുണ്ടെങ്കിലും ഉപയോഗശൂന്യമായി കിടക്കുകയാണ്. ശുദ്ധജല വിതരണം തടസപ്പെടുന്നത് ഭക്തരെ വലയ്ക്കുന്നു.












Click it and Unblock the Notifications