കുടുംബപ്രശ്‌നം; രണ്ട് വയസുകാരിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ബന്ധു
ഇടുക്കി: രണ്ട് വയസുകാരിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ബന്ധു. ഇടുക്കി ജില്ലയിലെ പൈനാവ് അന്‍പത്തിയാറ് കോളനിയില്‍ ആണ് സംഭവം. അന്‍പത്തിയാറ് കോളനിയില്‍ താമസിക്കുന്ന അന്നക്കുട്ടിയുടെ കൊച്ചുമകള്‍ ദിയയ്ക്കാണ് പൊള്ളലേറ്റത്. കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമിച്ചത്. അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവാണ് സന്തോഷ്. അന്നക്കുട്ടിയുടെ മകന്റെ മകളാണ് ദിയ.
കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. സന്തോഷും കുടുംബവും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. അന്നക്കുട്ടിയെയും ഭര്‍ത്താവിനെയും ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്തോഷ് എത്തിയത്.

ഇരുവരുടെയും ദേഹത്ത് പെട്രോള്‍ ഒഴിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തേക്കും പെട്രോള്‍ വീണു. ഇത് ഗൗനിക്കാതെ സന്തോഷ് തീ കൊളുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊള്ളലേറ്റവരെ ഓടിയെത്തി രക്ഷപ്പെടുത്തിയത്. കുഞ്ഞിന് 30 ശതമാനവും മുത്തശ്ശിക്ക് 15 ശതമാനവും പൊള്ളലേറ്റു. ഇരുവരെയും ആദ്യം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
അതിന് ശേഷമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിന് ശേഷം സന്തോഷ് ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications