സ്‌കൂളിലെ ലഹരി വിരുദ്ധ പരിപാടിയിലേക്ക് മദ്യപിച്ചെത്തി അധ്യാപകന്‍; പിന്നാലെ സസ്‌പെന്‍ഷന്‍
ഇടുക്കി: സ്‌കൂളിലെ ലഹരി വിരുദ്ധ പരിപാടിയിലേക്ക് മദ്യപിച്ചെത്തിയ അധ്യാപകന് സസ്പെന്‍ഷന്‍. ഇടുക്കി ജില്ലയിലെ വാഗമണ്‍ കോട്ടമല ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ അധ്യാപകന്‍ വിനോദ് ആണ് സ്‌കൂളിലെ വിരുദ്ധ പരിപാടിയിലേക്ക് മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് നടപടി നേരിട്ടത്.
ശിശുദിനമായ നവംബര്‍ പതിനാലിന് വാഗമണ്‍ കോട്ടമല ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ പരിപാടിയില്‍ മദ്യപിച്ചെത്തിയതിനാണ് വിനോദിന് എതിരായ നടപടി. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ആണ് നടപടി. ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ആണ് വിനോദിന് എതിരെ നടപടി എടുത്തത്.

മദ്യപിച്ചെത്തിയ വിനോജ് പരിപാടിക്കിടെ സ്‌കൂള്‍ പി ടി എ പ്രസിഡന്റുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതോടെ സ്ഥലത്ത് എത്തിയ പൊലീസ് അധ്യാപകനെ വൈദ്യ പരിശോധനക്ക് വിധേയമാക്കി.
വൈദ്യ പരിശോധനയില്‍ അധ്യാപകന്‍ മദ്യപിച്ചതായി കണ്ടെത്തിയതോടെ പൊലീസ് കേസെടുക്കുകയും ചെയ്തു. അധ്യാപകനായ വിനോദിന്റേത് തികഞ്ഞ അച്ചടക്ക ലംഘനമാണ് എന്നും ഇത് വിദ്യാഭ്യാസ മേഖലയ്ക്ക് അവമതിപ്പ് ഉണ്ടാക്കി എന്നും വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തി.
കൂടാതെ പൊലീസിന്റെ എഫ് ഐ ആറും പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും പരിഗണിച്ചതോടെ ആണ് ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ വിനോദിന് സസ്‌പെന്‍ഷന്‍ നല്‍കിയത്. വിനോദ് മദ്യപിച്ചു എന്ന് തെളിഞ്ഞതോടെ രക്ഷിതാക്കള്‍ കര്‍ശന നടപടി എടുക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications