കള്ളന്‍മാരെക്കൊണ്ട് പൊറുതിമുട്ടി; രാജ്യത്തെ ഏറ്റവും വലിയ ചന്ദനമരം മുറിച്ചുമാറ്റി
സ്ഥലമുടമയെ കെട്ടിയിട്ട് വരെ ചന്ദനമരം മോഷ്ടിക്കാന്‍ കള്ളന്‍മാര്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ സ്ഥലമുടമ വനം വകുപ്പിനെ സമീപിക്കുകയായിരുന്നു

മറയൂര്‍: രാജ്യത്തെ ഏറ്റവും വലിയ ചന്ദനമരം മുറിച്ചുമാറ്റി. കള്ളന്‍മാര്‍ ചന്ദനമരം മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് പതിവായതോടെ ആണ് 150 വര്‍ഷം പഴക്കമുള്ള ചന്ദനമരം മുറിച്ച് മാറ്റിയത്. ഇടുക്കി ജില്ലയിലെ മറയൂരില്‍ സോമന്റെ സ്ഥലത്തായിരുന്നു ഈ ചന്ദനമരം സ്ഥിതി ചെയ്തിരുന്നത്. ഒന്നകോടിയോളം വിലയുള്ള മരമായിരുന്നു ഇത്.
ഡി എഫ് ഒയുടെ നേതൃത്വത്തില്‍ ആണ് ചന്ദനമരം വെട്ടിമാറ്റിയത്. മരത്തിന്റെ ശിഖരങ്ങളും വെട്ടിയും തോല്‍ മുറിച്ചും കള്ളന്‍മാര്‍ നിരന്തരം ഈ ചന്ദനമരം മോഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് 2021 ല്‍ മറയൂര്‍ ഡി എഫ് ഒക്ക് സോമന്‍ അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ ഇത് പട്ടയഭൂമിയായതിനാല്‍ ഡി എഫ് ഒ ദേവികുളം സബ് കളക്ടര്‍ക്ക് അപേക്ഷ കൈമാറി. പക്ഷെ പിന്നീട് അപേക്ഷയില്‍ തുടര്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. ഇതിനിടെ ആഴ്ചകള്‍ക്ക് മുമ്പ് വീണ്ടും മോഷണശ്രമമുണ്ടായി. കള്ളന്മാര്‍ മരത്തിന്റെ ശിഖരം മുറിച്ച് കടത്തി കൊണ്ടുപോകുകയായിരുന്നു.

ഇതിന് പിന്നാലെ വനം വകുപ്പ് മരം മുറിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ഭൂമി സര്‍ക്കാര്‍ ഭൂമിയായതിനാല്‍ മരത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണ് എന്ന് ഡി എഫ് ഒ എ ജി വിനോദ് കുമാര്‍ വ്യക്തമാക്കി. പട്ടയ ഭൂമിയായതിനാലാണ് സ്ഥലമുടമക്ക് ഉടമസ്ഥാവകാശം ഇല്ലാത്തത്.
പട്ടയം ലഭിക്കുന്ന സമയത്ത് തന്നെ മരം ഈ സ്ഥലത്ത് ഉണ്ടായിരുന്നു. ചന്ദന മരം പട്ടയ ഭൂമിയില്‍ റിസര്‍വ് ചെയ്തതായതിനാല്‍ സ്ഥലമുടമയക്ക് പണം നല്‍കാന്‍ സാധിക്കില്ല. ഇത് കൂടാതെ സോമന്റെ പുരയിടത്തില്‍ 15 ലേറെ ചന്ദനമരങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ മൂന്നെണ്ണം വലുതുമായിരുന്നു.
എന്നാല്‍ രണ്ടെണ്ണം പലപ്പോഴായി കള്ളന്മാര്‍ കടത്തി കൊണ്ട് പോയി. മോഷ്ടാക്കള്‍ ഒരു തവണ സോമനെയും കുടുംബത്തെയും കെട്ടിയിട്ട് മോഷണം നടത്തിയിരുന്നു. അതേസമയം വെട്ടിമാറ്റിയ ചന്ദന മരം ഡിപ്പോയിലെത്തിച്ച് ചെത്തി മിനുക്കി ലേലത്തില്‍ വെക്കും എന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications