കാട്ടാന ആക്രമണം: മൂന്നാറില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍, കോണ്‍ഗ്രസ് റോഡ് ഉപരോധിക്കും
ഇടുക്കി: കാട്ടാന ആക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് മൂന്നാറില്‍ ഇന്ന് എല്‍ ഡി എഫ് ഹര്‍ത്താല്‍. കെ ഡി എച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താല്‍. ഇത് കൂടാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കും എന്നും അറിയിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് മൂന്നാര്‍ കന്നിമലയില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടത്.
ഓട്ടോ യാത്രക്കാരായ എസക്കി രാജ, ഭാര്യ റജീന എന്നിവര്‍ പരിക്കേറ്റ് മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സുരേഷ് കുമാറിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഇന്നലെ രാത്രി 9.30 നായിരുന്നു കാട്ടാനയുടെ ആക്രമണം. എസക്കി രാജ-റജീന ദമ്പതികളുടെ മകള്‍ പ്രിയയുടെ സ്‌കൂളില്‍ വാര്‍ഷിക ദിന പരിപാടി കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു സംഭവം.

മൂന്നാര്‍ കന്നിമല ടോപ്പ് ഡിവിഷന്‍ സ്വദേശി മണി എന്നു വിളിക്കുന്ന സുരേഷ് കുമാറിന്റെ ഓട്ടോയിലാണ് ഇവര്‍ മടങ്ങിയത്. ഇവരോടൊപ്പം പ്രിയയും രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നു. പ്രിയക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ല. കന്നിമല എസ്റ്റേറ്റ് ബംഗ്ലാവിന് സമീപത്ത് വച്ചാണ് ഇവര്‍ സഞ്ചരിച്ച ഓട്ടോ കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടത്.
ഓട്ടോ കുത്തി മറിച്ചിട്ട ആന വാഹനത്തില്‍ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യില്‍ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. പടയപ്പയും മറ്റൊരു കാട്ടാനക്കൂട്ടവും ഈ ഭാഗത്ത് രാവിലെ മുതല്‍ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഏത് കാട്ടാനയാണ് ആക്രമണം നടത്തിയത് എന്ന് വ്യക്തമായിട്ടില്ല.
വനം വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. പടയപ്പയ്ക്ക് മദപ്പാട് ഉണ്ടായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പടയപ്പ ഇന്നലെ ലോറി തടയുകയും ബൈക്കും കാറും ആക്രമിക്കുകയും ചെയ്തിരുന്നു. അതേസമയം, പ്രദേശത്ത് മറ്റൊരു കാട്ടാന കൂട്ടവും ഉണ്ടായിരുന്നു. ഏത് ആനയാണ് മണിയെ ആക്രമിച്ചതെന്ന കാര്യം ഇന്ന് തന്നെ സ്ഥിരീകരിക്കുമെന്നും പരിശോധനകള്‍ തുടരുകയാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം മണിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. ജനുവരി 23 ന് മൂന്നാര്‍ ഗുണ്ടുമലയിലും ഒരാള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications