മഴക്കൊപ്പം പകര്‍ച്ചവ്യാധികളും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
ഇടുക്കി: കനത്ത മഴ നാശം വിതക്കുന്നതിന് പിന്നാലെ ജില്ലയില്‍ പകര്‍ച്ച വ്യാധികളും പിടിമുറുക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്ന ഡെങ്കിപ്പനി മഴ കനക്കുന്നതോടെ ഇരട്ടിയിലേറെയായി വര്‍ധിക്കും എന്ന ആശങ്കയിലാണ് ജനങ്ങളും ആരോഗ്യ വകുപ്പും. ജില്ലയില്‍ ഡെങ്കിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്യുന്നവരുട എണ്ണം ഓരോ മാസവും കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മാര്‍ച്ചില്‍ രോഗം സംശയിക്കുന്ന 76 കേസുകളും 40 സ്ഥിരീകരിച്ച കേസുകളും ആണ് ഉണ്ടായിരുന്നത്. ഇത് ഏപ്രിലില്‍ രോഗം സംശയിക്കുന്നവരുടെ എണ്ണം 195 ആയും സ്ഥിരീകരിച്ചവരുടെ എണ്ണം 54 ആയും ഉയര്‍ന്നു. മേയ് 19 വരെ രോഗം സംശയിക്കപ്പെടുന്നവരുടെ എണ്ണം 293 ആണ്. 25 പേര്‍ക്ക് ജില്ലയില്‍ ഇതിനോടകം ഡെങ്കിപ്പനി സ്ഥിരീകരിച്ച് കഴിഞ്ഞു. കടുത്ത വേനലില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരുന്നു.

അതേസമയം വൈറല്‍ പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പിടിപെടാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ മനോജ് മുന്നറിയിപ്പ് നല്‍കി. ജലദോഷം, എച്ച്1 എന്‍1 ഇന്‍ഫ്‌ലുന്‍സ, കൊവിഡ്-19 തുടങ്ങിയ വൈറസ് പരത്തുന്ന രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ ശുചിത്വം പാലിക്കണം. ഇടയ്ക്കിടെ കൈകള്‍ കഴുക, കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും വീടിനു പുറത്തുപോകുമ്പോള്‍ തുവാല കയ്യില്‍ കരുതണം.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കണം എന്നും നിര്‍ദേശത്തില്‍ പറയുന്നു. പൊതുസ്ഥലത്ത് തുപ്പുന്നത് ഒഴിവാക്കണം. പനിയോ ജലദോഷമോ ബാധിച്ചാല്‍ പൊതുസ്ഥലങ്ങളില്‍ പോകരുത്. അത്യാവശ്യത്തിനു പുറത്തുപോകുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക. വൈറസ് രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല. അതിനാല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ വാങ്ങി ഉപയോഗിക്കാന്‍ പാടില്ല.
ഗര്‍ഭിണികള്‍, രണ്ട് വയസിനു താഴെയുള്ള കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ ജലദോഷവും പനിയും ബാധിച്ചാല്‍ സ്വയം ചികിത്സിക്കരുത്. ഇവര്‍ക്ക് എച്ച്1 എന്‍1 ഇന്‍ഫ്‌ലുന്‍സ ബാധിച്ചാല്‍ കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ അപകടകരമായേക്കും എന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലിന ജലവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പ്രത്യേകിച്ച് കര്‍ഷക തൊഴിലാളികള്‍, മീന്‍പിടിക്കുന്നവര്‍ തുടങ്ങിയവര്‍ പനി ബാധിച്ചാല്‍ ഡോക്ടറെ കണ്ട് എലിപ്പനിക്ക് ചികിത്സ നേടണം.
എലിപ്പനി നേരത്തെ ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാം. മഴ പെയ്തതോടെ വീടിനുചുറ്റും മഴവെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകാനും അതുവഴി ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ എന്നിവ വരാനും സാധ്യതയുണ്ട്. ചെറുപാത്രങ്ങള്‍, ചിരട്ടകള്‍, സണ്‍ഷേഡുകള്‍, മരപ്പൊത്തുകള്‍ തുടങ്ങിയവയില്‍ നിന്നും കൂടാതെ ടാപ്പിങ് നടത്താത്ത റബര്‍ മരങ്ങളിലെ ചിരട്ടകള്‍ എന്നിവയില്‍ നിന്നും കെട്ടിനില്‍ക്കുന്ന മഴവെള്ളം നീക്കം ചെയ്യണം.












Click it and Unblock the Notifications