ജപ്തി നടപടിക്കിടെ പെട്രോളൊഴിച്ച് തീകൊളുത്തിയ വീട്ടമ്മ മരിച്ചു; പൊള്ളലേറ്റ പൊലീസുകാര്‍ ചികിത്സയില്‍
ഇടുക്കി: നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. ആശാരികണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബ (49) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു ഷീബ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. 80 ശതമാനത്തോളം പൊള്ളലേറ്റ ഷീബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ഷീബയെ ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഷീബയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നെടുങ്കണ്ടം എസ് ഐ ബിനോയ് എബ്രഹാം, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ ടി.അമ്പിളി എന്നിവര്‍ക്കും പൊള്ളലേറ്റിരുന്നു.

40 ശതമാനം പൊള്ളലേറ്റ അമ്പിളി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ബിനോയ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ തുടരുകയാണ്. തൊടുപുഴ സിജെഎം കോടതിയുടെ വിധിയെ തുടര്‍ന്നാണ് ബാങ്ക് ജീവനക്കാര്‍ വീട് ജപ്തി ചെയ്യാന്‍ എത്തിയത്. പൊലീസും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെ ഷീബ വീട്ടില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.
ഷീബയും കുടുംബവും താമസിക്കുന്ന വീടും 13 സെന്റ് സ്ഥലവും പണയപ്പെടുത്തി മുന്‍ ഉടമ വായ്പയെടുത്തിരുന്നു. ഈ വവായ്പ നിലനിര്‍ത്തിയാണ് ഈ വീട് ഇവര്‍ വാങ്ങിക്കുന്നത്. 2019 ലായിരുന്നു ഇത്. വീട് വാങ്ങിയതില്‍ 15 ലക്ഷം രൂപ അടക്കാനുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം തിരിച്ചടവ് മുടങ്ങിയതോടെ വായ്പ കുടിശിക 36 ലക്ഷമായി. ഇതോടെ ബാങ്ക് അധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടായതിനെ തുടര്‍ന്ന് നേരത്തേയും ഉദ്യോഗസ്ഥര്‍ ജപ്തി ചെയ്യാനെത്തിയിരുന്നു. എന്നാല്‍ പൊതുപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ജപ്തി മാറ്റിവെച്ചു. വീണ്ടും ജപ്തി ചെയ്യാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് ഷീബ ആത്മഹത്യക്ക് ശ്രമിച്ചത്. അതേസമയം ജപ്തി നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് നിയമവ്യവസ്ഥകള്‍ പൂര്‍ണമായും പാലിച്ചിട്ടുണ്ടെന്നാണ് ബാങ്കിന്റെ വിശദീകരണം.












Click it and Unblock the Notifications