ആദിവാസി ഊരുകളില്‍ പൈനാപ്പിളുകള്‍ വിതരണം ചെയ്ത് ജനമൈത്രി എക്സൈസ്
ഇടുക്കി: കൊവിഡ് കാലത്ത് ആദിവാസി ഊരുകളില്‍ പൈനാപ്പിള്‍ വിതരണം ചെയ്ത് ദേവികുളം ജനമൈത്രി എക്സൈസ്. കൊവിഡ് കാലത്ത് ദേവികുളം ജനമൈത്രി എക്സൈസ് നടത്തി വരുന്ന വിവിധ സേവനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ആദിവാസി ഊരുകളില്‍ പൈനാപ്പിളുകള്‍ വിതരണം ചെയ്തത്. ട്രൈബല്‍ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി. അടിമാലിയുമായി ചേര്‍ന്ന് കിടക്കുന്ന പടികപ്പ്, ഒഴുവത്തടം ആദിവാസി മേഖലകളിലും ഇരുമ്പുപാലത്തെ കൊവിഡ് സെന്ററിലും പൈനാപ്പിള്‍ വിതരണം ചെയ്തു.

ഏകദേശം 1800ഓളം പൈനാപ്പിളുകളാണ് വിതരണത്തിനായി എത്തിച്ചിരുന്നത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി കെ സുനില്‍ രാജ്, അടിമാലി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി എന്‍ ഗിരീഷ്‌കുമാര്‍, പ്രിവന്റീവ് ഓഫിസര്‍ ആര്‍ സജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നെല്‍സന്‍ മാത്യു, അനൂപ് സോമന്‍, അനുപ് പി ബി, ഡ്രൈവര്‍ നിതിന്‍ ജോണി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അടിമാലി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡംഗം കെ ജെ ബാബു പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അതേസമയം, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ദുരീകരിക്കുന്നതിനും അവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനുമായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലയില്‍ ബ്ലോക്ക്/പഞ്ചായത്ത് തലത്തില്‍ ഭിന്നശേഷി സഹായ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന്റെ ഏകോപന ചുമതല നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റിക്കും പ്രവര്‍ത്തന ചുമതല സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചേഴ്സിനുമാണ്.












Click it and Unblock the Notifications