ഇടുക്കിയില്‍ യുവതി തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍; ഗാര്‍ഹിക പീഡനം
തൊടുപുഴ: കട്ടപ്പനയില്‍ യുവതി തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനം മൂലമാണ് ആത്മഹത്യ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് പോലീസ് പറയുന്നു. കട്ടപ്പന മാട്ടുക്കട്ടയിലെ അമല്‍ ബാബുവിന്റെ ഭാര്യ ധന്യയെ ആണ് കഴിഞ്ഞ മാര്‍ച്ച് അവസാനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുമ്പേയായിരുന്നു സംഭവം. വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ധന്യയുടെ അച്ഛന്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നുമായിരുന്നു അച്ഛന്‍ ജയപ്രകാശിന്റെ പരാതി.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് ഇന്നാണ് ഭര്‍ത്താവ് അമലിനെ അറസ്റ്റ് ചെയ്തത്. മാനസികവും ശാരീരികവുമായ പീഡനം ധന്യയ്ക്ക് ഏല്‍ക്കേണ്ടി വന്നിരുന്നു എന്നാണ് പോലീസ് കണ്ടെത്തല്‍. പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സംസ്ഥാനത്ത് സ്ത്രീധന പീഡന വാര്‍ത്തകള്‍ വര്‍ധിച്ചുവരവെയാണ് ഇടുക്കിയിലെ അറസ്റ്റ്.
കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ വിസ്മയ എന്ന യുവതി സ്ത്രീധന പീഡനം കാരണം ആത്മഹത്യ ചെയ്ത സംഭവം വിവാദമായിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് കിരണ്‍ കുമാറിനെ അറസ്റ്റ് ചെയ്യുകയും സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് മറ്റു പല കേസുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്ത്രീധന പീഡനത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications